
ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ നടന് ജയറാമിനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തു. ചെന്നൈയിലെ താരത്തിന്റെ വീട്ടില്‍ വെച്ചായിരുന്നു മൊഴിയെടുക്കല്‍. കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണന് പോറ്റിയുമായി തനിക്ക് ശബരിമലയില്‍ വെച്ചുള്ള പരിചയമുണ്ടെന്ന് ജയറാം അന്വേഷണ സംഘത്തിന് മൊഴി നല്കി.
തട്ടിപ്പില്‍ തനിക്ക് യാതൊരു പങ്കുമില്ലെന്നും ഉണ്ണികൃഷ്ണന് പോറ്റി പലതവണ തന്റെ വീട് സന്ദര്‍ശിച്ചിട്ടുണ്ടെന്നും ജയറാം പറഞ്ഞു. ശബരിമലയില്‍ നിന്നുള്ള സ്വര്‍ണ്ണപ്പാളികള്‍ എന്ന് അവകാശപ്പെട്ട് പോറ്റി കൊണ്ടുവന്ന വസ്തുക്കള്‍ പൂജിച്ച ചടങ്ങുകളില്‍ താന്‍ പങ്കെടുത്തിട്ടുണ്ട്. 2019-ല്‍ ചെന്നൈയിലെ വീട്ടില്‍ നടന്ന അത്തരം പൂജകളുടെ ദൃശ്യങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു. അന്ന് അത് വലിയ ഭാഗ്യമായി കരുതിയെന്നും എന്നാല്‍ ശബരിമലയിലെ വസ്തുക്കള്‍ പുറത്തെത്തിക്കാന്‍ പാടില്ലായിരുന്നുവെന്ന് പിന്നീട് ബോധ്യപ്പെട്ടതായും താരം വ്യക്തമാക്കി. അന്വേഷണവുമായി പൂര്‍ണ്ണമായി സഹകരിക്കുമെന്നും ജയറാം അറിയിച്ചു.
അതിനിടെ, കേസിലെ പ്രതികളുടെയും ബന്ധുക്കളുടെയും സ്വത്തുക്കളില്‍ വലിയ വര്‍ദ്ധനവുണ്ടായതായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) കണ്ടെത്തി. പ്രതികളുടെ വീടുകളിലും സ്ഥാപനങ്ങളിലും നടത്തിയ പരിശോധനയില്‍ വരുമാനത്തേക്കാള്‍ അനേകം ഇരട്ടി സ്വത്ത് സമ്പാദിച്ചതായി ബോധ്യപ്പെട്ടിട്ടുണ്ട്. ഈ കള്ളപ്പണത്തിന്റെ ഉറവിടം കണ്ടെത്താനുള്ള നീക്കത്തിലാണ് ഇഡി. അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിക്കാന്‍ വൈകുന്നത് പ്രതികള്‍ക്ക് ജയില്‍ മോചിതരാകാന്‍ വഴിയൊരുക്കുന്നു. കട്ടിള പാളി കേസില്‍ മുഖ്യപ്രതി ഉണ്ണികൃഷ്ണന് പോറ്റിയുടെ റിമാന്‍ഡ് കാലാവധി ജനുവരി 31-ന് 90 ദിവസം തികയുകയാണ്. 90 ദിവസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിച്ചില്ലെങ്കില്‍ പ്രതിക്ക് ‘സ്വാഭാവിക ജാമ്യം’ ലഭിക്കും.
മുന്‍ എക്സിക്യൂട്ടീവ് ഓഫീസര്‍ സുധീഷ് കുമാറും ജാമ്യത്തിനായി ഇന്ന് വിജിലന്‍സ് കോടതിയെ സമീപിക്കും. ദ്വാരപാലക ശില്‍പ്പ കേസിലും മറ്റും നേരത്തെ ജാമ്യം ലഭിച്ച പോറ്റിക്ക്, കട്ടിള പാളി കേസില്‍ കൂടി ജാമ്യം ലഭിച്ചാല്‍ പുറത്തിറങ്ങാന്‍ സാധിക്കും. എസ്ഐടി ഇടക്കാല കുറ്റപത്രമെങ്കിലും സമര്‍പ്പിക്കാത്തതാണ് പ്രതികള്‍ക്ക് നിയമപരമായി ഗുണകരമാകുന്നത്.