ശബരിമല സ്വര്‍ണക്കൊള്ള: എസ് ശ്രീകുമാറിന് ജാമ്യം; ശങ്കര്‍ ദാസിനെ വീണ്ടും റിമാന്‍ഡ് ചെയ്തു

Jaihind News Bureau
Thursday, January 29, 2026

ശബരിമല സ്വര്‍ണക്കൊള്ളയില്‍ പ്രതിയായ മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ എസ് ശ്രീകുമാറിന് ജാമ്യം. കൊല്ലം വിജിലന്‍സ് കോടതിയാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. ദ്വാരപാലക ശില്പ കേസിലെ ആറാം പ്രതിയാണ് ശ്രീകുമാര്‍. അറസ്റ്റിലായി 43 ആം ദിനമാണ് പ്രതിക്ക് ജാമ്യം ലഭിക്കുന്നത്.

മുരാരി ബാബുവിന് പിന്നാലെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായ ശ്രീകുമാര്‍ ദ്വാരപാലക ശില്പ പാളികള്‍ കടത്തുന്നതിന് ദിവസങ്ങള്‍ക്ക് മുന്‍പാണ് ജോലിയില്‍ പ്രവേശിച്ചത്. ഉന്നത ഉദ്യോഗസ്ഥരുടെ നിര്‍ദേശപ്രകാരം ഒപ്പ് വെച്ചു എന്നതാണ് ജാമ്യഹര്‍ജിയില്‍ പറഞ്ഞിരുന്നത്. പ്രതിഭാഗം വാദം മുഖവിലയ്‌ക്കെടുത്ത വിജിലന്‍സ് കോടതി ജാമ്യം അനുവദിക്കുകയായിരുന്നു. അതേ സമയം കേസിലെ മറ്റൊരു പ്രതിയായ കെ പി ശങ്കര്‍ദാസിനെ ഇന്ന് കോടതിയില്‍ ഹാജരാക്കി വീണ്ടും റിമാന്‍ഡ് ചെയ്തു. ശാരീരിക ബുദ്ധിമുട്ടുകള്‍ കാരണം വീല്‍ ചെയറിലാണ് പ്രതിയെ കോടതിക്ക് ഉള്ളില്‍ പ്രവേശിപ്പിച്ചത്.