തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ; പത്മകുമാറിനെ നീക്കി പ്രതിച്ഛായ വീണ്ടെടുക്കാൻ സി.പി.എം നീക്കം; ഇന്ന് ജില്ലാ സെക്രട്ടറിയേറ്റ് യോഗം

Jaihind News Bureau
Monday, March 16, 2026

ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ ജയിലിലായ  മുതിർന്ന സി.പി.എം നേതാവ് എ. പത്മകുമാറിനെതിരെ പാർട്ടി അച്ചടക്ക നടപടി ഉടൻ ഉണ്ടായേക്കും. പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗമായ അദ്ദേഹത്തെ പാർട്ടിയിലെ എല്ലാ ചുമതലകളിൽ നിന്നും നീക്കം ചെയ്യാനാണ് സാധ്യത. ഇന്ന് രാവിലെ 11-ന് ചേരുന്ന ജില്ലാ സെക്രട്ടറിയേറ്റ് യോഗം ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കും. ഉന്നത കേന്ദ്ര കമ്മിറ്റി അംഗങ്ങളുടെ സാന്നിധ്യത്തിൽ നടക്കുന്ന ഈ യോഗം ഏറെ നിർണ്ണായകമാണ്. ആറന്മുള മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറി സ്ഥാനത്ത് നിന്ന് പത്മകുമാറിനെ ഇന്നലെ തന്നെ നീക്കിയിരുന്നു. തിരഞ്ഞെടുപ്പിന് മുൻപ് ശക്തമായ നടപടി വേണമെന്ന് ജില്ലയിലെ പ്രമുഖ വനിതാ നേതാവ് സംസ്ഥാന നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു.

അതേസമയം, ശബരിമല സ്വർണ്ണക്കൊള്ളക്കേസുമായി ബന്ധപ്പെട്ട നിയമനടപടികൾ സുപ്രീംകോടതിയിലും ഇന്ന് തുടരുകയാണ്. കേസിലെ പ്രതിയും ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസ് സി.ഇ.ഒയുമായ പങ്കജ് ഭണ്ഡാരി സമർപ്പിച്ച അപ്പീൽ ജസ്റ്റിസ് ദീപാങ്കർ ദത്ത അധ്യക്ഷനായ ബെഞ്ച് പരിഗണിക്കും. കേസിൽ തന്നെ പ്രതിയാക്കിയതിനെതിരെയും ജാമ്യം ലഭിക്കാനുമാണ് പങ്കജ് ഭണ്ഡാരിയുടെ ആവശ്യം. കുറ്റകൃത്യത്തിൽ തനിക്ക് യാതൊരു പങ്കുമില്ലെന്നും അറസ്റ്റ് നിയമവിരുദ്ധമാണെന്നുമാണ് അദ്ദേഹത്തിന്റെ വാദം. കേസ് മുൻപ് പരിഗണിച്ചപ്പോൾ, ശബരിമലയിൽ ബാക്കി സ്വർണം അവശേഷിക്കുന്നുണ്ടോ എന്ന് സുപ്രീംകോടതി ആരാഞ്ഞത് വലിയ ചർച്ചയായിരുന്നു.