ശബരിമല സ്വർണ്ണക്കൊള്ള: ഇരുട്ടിൽ തപ്പി എസ്ഐടി; കുറ്റപത്രം നീളുന്നു

Jaihind News Bureau
Sunday, January 25, 2026

ശബരിമലയിലെ സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട അന്വേഷണം അതീവ മന്ദഗതിയിലാണെന്ന ആക്ഷേപം ശക്തമാകുന്നു. കേസിൽ കുറ്റപത്രം സമർപ്പിക്കുന്ന കാര്യത്തിൽ ഇപ്പോഴും അനിശ്ചിതത്വം തുടരുകയാണ്. കാണാതായ സ്വർണ്ണത്തിന്റെ കൃത്യമായ അളവ് എത്രയാണെന്ന് തിട്ടപ്പെടുത്താൻ പോലും അന്വേഷണ സംഘത്തിന് ഇതുവരെ സാധിച്ചിട്ടില്ല എന്നത് വലിയ വീഴ്ചയായി ചൂണ്ടിക്കാണിക്കപ്പെടുന്നു. പ്രത്യേക അന്വേഷണ സംഘം  നിലവിൽ വഴിമുട്ടിയ അവസ്ഥയിലാണെന്നും, തൊണ്ടിമുതൽ വീണ്ടെടുക്കുന്ന കാര്യത്തിൽ കാര്യമായ പുരോഗതിയില്ലെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

അന്വേഷണത്തിന്റെ ഭാഗമായി മുൻ മേൽശാന്തി ഉണ്ണികൃഷ്ണൻ പോറ്റിയെ അന്വേഷണ സംഘം വീണ്ടും ചോദ്യം ചെയ്തു. എന്നാൽ, കട്ടിളപ്പാളി മാറ്റിയിട്ടില്ലെന്ന തന്റെ മുൻ നിലപാടിൽ അദ്ദേഹം ഉറച്ചുനിൽക്കുകയാണ്. ഫെബ്രുവരി ഒന്നിന് മുൻപായി കോടതിയിൽ കുറ്റപത്രം സമർപ്പിക്കാനാണ് അന്വേഷണ സംഘത്തിന്റെ ഇപ്പോഴത്തെ നീക്കം. കേസിൽ തെളിവുകൾ ക്രോഡീകരിക്കുന്നതിലെ കാലതാമസം കുറ്റപത്രം വൈകാൻ കാരണമാകുന്നുണ്ട്.

അതേസമയം, കേസിലെ പ്രധാന പ്രതിയായ മുരാരി ബാബു ജാമ്യത്തിൽ ഇറങ്ങിയ സാഹചര്യത്തിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ED) അന്വേഷണം ആരംഭിക്കുകയാണ്. സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളെക്കുറിച്ച് മുരാരി ബാബുവിനെ ഇഡി വിശദമായി ചോദ്യം ചെയ്യും. ഇതിനായുള്ള നോട്ടീസ് ഉടൻ നൽകുമെന്നാണ് ലഭിക്കുന്ന വിവരം. സ്വർണ്ണത്തിന്റെ ഉറവിടം, പണമിടപാടുകൾ എന്നിവ കേന്ദ്രീകരിച്ചാകും ഇഡിയുടെ അന്വേഷണം നടക്കുക.