
ശബരിമല സ്വർണ്ണക്കൊള്ള കേസിൽ നിർണ്ണായക നീക്കവുമായി എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ്. സംഭവത്തിൽ കള്ളപ്പണം തടയൽ നിയമപ്രകാരം (PMLA) ഇഡി കേസെടുത്തു. സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട് നടന്ന സാമ്പത്തിക ഇടപാടുകളിലും ഹവാലാ ബന്ധങ്ങളിലും അതീവ ഗൗരവകരമായ അന്വേഷണമാണ് ഇഡി ലക്ഷ്യമിടുന്നത്. ക്രൈംബ്രാഞ്ച് എഫ്ഐആറിലുള്ള മുഴുവൻ പ്രതികളെയും ഉൾപ്പെടുത്തിക്കൊണ്ട് ഒറ്റ കേസായിട്ടായിരിക്കും അന്വേഷണം നടക്കുക.
ഇഡി ജോയിന്റ് ഡയറക്ടര്‍ക്കാണ് അന്വേഷണത്തിന്റെ പൂര്‍ണ്ണ ചുമതല. കേസുമായി ബന്ധപ്പെട്ട എഫ്‌ഐആര്‍ പകര്‍പ്പുകള്‍ ആവശ്യപ്പെട്ട് ഇഡി നേരത്തെ കോടതിയെ സമീപിച്ചിരുന്നു. തുടര്‍ന്ന് കൊല്ലം വിജിലന്‍സ് കോടതിയുടെ ഉത്തരവ് പ്രകാരമാണ് ഇപ്പോള്‍ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അന്വേഷണം ഇഡി ഏറ്റെടുത്തതോടെ സ്വര്‍ണ്ണക്കൊള്ളയ്ക്ക് പിന്നിലെ കള്ളപ്പണ ഇടപാടുകളും ഹവാലാ ബന്ധങ്ങളും വരും ദിവസങ്ങളില്‍ പുറത്തുവരുമെന്നാണ് സൂചന.