
ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണം ഉണ്ടാകുമോ എന്ന കാര്യത്തില്‍ ഇന്ന് ഹൈക്കോടതിയുടെ തീരുമാനം നിര്‍ണായകമാകും. കള്ളപ്പണ ഇടപാടുകള്‍ സംശയിക്കുന്ന ഇ.ഡി., സംസ്ഥാന പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസുകളുടെ രേഖകള്‍ ആവശ്യപ്പെട്ട് നല്കിയ ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കും.
സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട എഫ്.ഐ.ആര്., അനുബന്ധ മൊഴികള്‍, മറ്റ് രേഖകള്‍ എന്നിവയുടെ പകര്‍പ്പാണ് ഇ.ഡി. തേടിയിരിക്കുന്നത്. കള്ളപ്പണ ഇടപാട് നടന്നതായി സംശയിക്കുന്നെന്നും വിശദമായ അന്വേഷണത്തിന് കേസുകളുടെ വിശദാംശങ്ങള്‍ അനിവാര്യമാണെന്നുമാണ് കേന്ദ്ര ഏജന്‍സിയുടെ വാദം. ഈ ആവശ്യമുന്നയിച്ച് റാന്നി കോടതിയില്‍ നല്കിയ അപേക്ഷ തള്ളിയതിനെ തുടര്‍ന്നാണ് ഇ.ഡി. ഹൈക്കോടതിയെ സമീപിച്ചത്. സംസ്ഥാന പൊലീസ് രജിസ്റ്റര്‍ ചെയ്ത രേഖകള്‍ ഇ.ഡിക്ക് വിട്ടുനല്‍കാന്‍ ഹൈക്കോടതി ഉത്തരവിട്ടാല്‍ അത് കേസില്‍ വഴിത്തിരിവാകും.
അതിനിടെ, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ. ജയകുമാര്‍ ശബരിമലയിലെ തെറ്റായ പ്രവണതകളില്‍ തിരുത്തുണ്ടാകുമെന്ന് വ്യക്തമാക്കി. ‘ഇന്നലെവരെ ഞാന്‍ സൗമ്യനായ ഉദ്യോഗസ്ഥനായിരുന്നു, ഇനി ആ സൗമ്യതയുണ്ടാകില്ല,’ അദ്ദേഹം വ്യക്തമാക്കി. ഭക്തര്‍ക്ക് സൗകര്യങ്ങള്‍ ചെയ്യുന്നതിനാണ് പ്രഥമ പരിഗണന. സ്പോണ്സര് എന്ന മേലങ്കി അണിഞ്ഞുവരുന്ന എല്ലാവരെയും അംഗീകരിക്കില്ലെന്നും അവരുടെ പശ്ചാത്തലങ്ങള്‍ പരിശോധിച്ച ശേഷം മാത്രമേ നടപടികളിലേക്ക് കടക്കുവെന്നും അദ്ദേഹം അറിയിച്ചു. ദേവസ്വം പ്രസിഡന്റ് പദവിയില്‍ ചുമതലയേറ്റ ശേഷം ആദ്യമായി ശബരിമല സന്ദര്‍ശിക്കവെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. ശബരിമലയിലെ സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് നിലവില്‍ നടക്കുന്ന അന്വേഷണത്തിന് എല്ലാ സൗകര്യവും നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ശബരിമലയില്‍ തനിക്ക് ഒരു മിഷന് ഉണ്ടെന്നും അത് ആദ്യം പറയേണ്ടത് അയ്യപ്പനോടാണെന്നും ജയകുമാര്‍ വ്യക്തമാക്കി.
സ്വര്‍ണക്കൊള്ള വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് മുന്‍ ചീഫ് സെക്രട്ടറിയായിരുന്ന കെ. ജയകുമാര്‍ പ്രസിഡന്റായും മുന്‍ മന്ത്രി കെ. രാജു അംഗമായും ചുമതലയേറ്റ പുതിയ ദേവസ്വം ഭരണസമിതി അധികാരമേറ്റത്. ശബരിമലയിലെ അവിഹിതമായ കാര്യങ്ങള്‍ക്ക് നിയന്ത്രണം കൊണ്ടുവരാനുള്ള മുഖംമിനുക്കല്‍ ദൗത്യവുമായാണ് ജയകുമാര്‍ പ്രസിഡന്റ് കസേരയിലെത്തിയത്.