ശബരിമല സ്വര്‍ണ്ണക്കൊള്ള: എ. പത്മകുമാറിന്റെ ജാമ്യാപേക്ഷയില്‍ ഇന്ന് വിധി; പത്മകുമാറിനെതിരെ നിര്‍ണ്ണായക തെളിവുകളുമായി എസ്‌ഐടി

Jaihind News Bureau
Wednesday, January 7, 2026

 

കൊല്ലം: ശബരിമല സ്വര്‍ണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട ദ്വാരപാലക ശില്‍പ കേസില്‍ മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റും സിപിഎം നേതാവുമായ എ. പത്മകുമാറിന്റെ ജാമ്യാപേക്ഷയില്‍ കൊല്ലം വിജിലന്‍സ് കോടതി ഇന്ന് വിധി പറയും. നേരത്തെ കട്ടിളപ്പാളി കേസില്‍ പത്മകുമാര്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷകള്‍ വിജിലന്‍സ് കോടതിയും ഹൈക്കോടതിയും തള്ളിയിരുന്നു.

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കൂട്ടുത്തരവാദിത്തമാണ് പാളികള്‍ കൈമാറിയതെന്ന വാദമാണ് പത്മകുമാര്‍ കോടതിയില്‍ ഉയര്‍ത്തുന്നത്. മുന്‍ ബോര്‍ഡ് അംഗം എന്‍. വിജയകുമാറും കേസില്‍ നേരത്തെ അറസ്റ്റിലായിരുന്നു. അതേസമയം, കേസിലെ മുഖ്യപ്രതികളായ ഉണ്ണികൃഷ്ണന്‍ പോറ്റി, മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബു എന്നിവരുടെ റിമാന്‍ഡ് കാലാവധി ഇന്ന് അവസാനിക്കും. ഇരുവരെയും ഇന്ന് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് നീട്ടാനാണ് സാധ്യത.

എസ്‌ഐടി റിമാന്‍ഡില്‍ കഴിയുന്ന പത്മകുമാറിനെ കൂടുതല്‍ പ്രതിരോധത്തിലാക്കുന്ന കണ്ടെത്തലുകളാണ് പ്രത്യേക അന്വേഷണ സംഘം ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്. പാളികള്‍ കൊടുത്തുവിടാനുള്ള ബോര്‍ഡ് മിനുട്‌സില്‍ പത്മകുമാര്‍ സ്വന്തം കൈപ്പടയില്‍ തിരുത്തല്‍ വരുത്തിയതായി എസ്‌ഐടി കണ്ടെത്തി. പിച്ചള പാളികള്‍ എന്നതിന് പകരം ‘ചെമ്പ്’ എന്ന് മാറ്റിയെഴുതിയതും ‘അനുവദിക്കുന്നു’ എന്ന വാക്ക് കൂട്ടിച്ചേര്‍ത്തതും ഗൂഢലക്ഷ്യത്തോടെയാണെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

അറ്റകുറ്റപ്പണിക്കായി പാളികള്‍ നല്‍കിയത് തന്ത്രിയുടെ ആവശ്യപ്രകാരമാണെന്ന പത്മകുമാറിന്റെ വാദവും എസ്‌ഐടി തള്ളി. ഇതിന് കൃത്യമായ രേഖകളില്ലെന്നും തന്ത്രിയുടെ അനുമതിയോ മഹസറില്‍ അദ്ദേഹത്തിന്റെ ഒപ്പോ ഇല്ലെന്നും പൊലീസ് കോടതിയെ അറിയിച്ചു. കൂടാതെ, കേസ് ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെ പ്രതികളായ ഗോവര്‍ധനും പോറ്റിയും ഉള്‍പ്പെടെയുള്ളവര്‍ ബംഗളൂരുവില്‍ ഒത്തുകൂടി തെളിവ് നശിപ്പിക്കാന്‍ ഗൂഢാലോചന നടത്തിയതായും എസ്‌ഐടി വെളിപ്പെടുത്തിയിട്ടുണ്ട്.