ശബരിമല സ്വർണ്ണക്കൊള്ള: ഉണ്ണിക്കൃഷ്ണൻ പോറ്റി സ്പോൺസർ ചമഞ്ഞത് മറ്റുള്ളവരുടെ പണത്തിൽ; കോടികൾ പലിശയ്ക്ക് നൽകി

Jaihind News Bureau
Tuesday, December 23, 2025

ശബരിമല സ്വർണ്ണക്കൊള്ള കേസിലെ മുഖ്യപ്രതികളിൽ ഒരാളായ ഉണ്ണിക്കൃഷ്ണൻ പോറ്റി സ്പോൺസർ എന്ന വ്യാജേന നടത്തിയത് വൻ സാമ്പത്തിക തട്ടിപ്പാണെന്ന് വ്യക്തമാകുന്നു. സ്വന്തം പണമെന്ന നിലയിലാണ് ഇയാൾ സ്വർണ്ണവും പണവും ദേവസ്വം ബോർഡിന് നൽകിയിരുന്നതെങ്കിലും, ഇത് മറ്റ് പല വ്യാപാരികളിൽ നിന്നും വ്യവസായികളിൽ നിന്നും സമാഹരിച്ചതായിരുന്നു. ഇടനിലക്കാരനായി നിന്ന് മറ്റുള്ളവരുടെ പണമുപയോഗിച്ചാണ് ഇയാൾ സ്പോൺസർ ചമഞ്ഞതെന്നാണ് പുതിയ വെളിപ്പെടുത്തൽ.

സ്വർണ്ണ വ്യാപാരിയായ ഗോവർധൻ പോറ്റി വഴി ഏകദേശം ഒന്നരക്കോടി രൂപയാണ് ഇയാൾ നൽകിയത്. ഇതിനുപുറമെ ചെന്നൈ, ആന്ധ്ര എന്നിവിടങ്ങളിലെ പ്രമുഖ വ്യാപാരികളും പോറ്റി വഴി ദേവസ്വം ബോർഡിന് സാമ്പത്തിക സഹായം നൽകിയിരുന്നു. എന്നാൽ ഇത്തരത്തിൽ ലഭിച്ച വൻ തുകകൾ ഇയാൾ വകമാറ്റി ചെലവഴിക്കുകയും, ആ പണം പലിശയ്ക്ക് നൽകി വ്യക്തിപരമായ സാമ്പത്തിക ലാഭം ഉണ്ടാക്കുകയും ചെയ്തതായാണ് ലഭിക്കുന്ന വിവരങ്ങൾ.

കേസിൽ വിഗ്രഹ തട്ടിപ്പുമായി ബന്ധപ്പെട്ട പുതിയ ആരോപണങ്ങളും ഉയർന്നുവന്നിട്ടുണ്ട്. തമിഴ്‌നാട്ടിൽ നിന്നുള്ള ‘ഡി മണി’ എന്ന സംഘം വിഗ്രഹ തട്ടിപ്പിനായി തിരുവനന്തപുരത്ത് എത്തിയിരുന്നുവെന്ന് വ്യവസായി മൊഴി നൽകി. ഒരു വാഹനം നിറയെ പണവുമായാണ് ഇവർ എത്തിയതെന്നാണ് വിവരം. വിഗ്രഹങ്ങൾ ഒരു പ്രത്യേക കേന്ദ്രത്തിൽ പൊതിഞ്ഞ നിലയിൽ ഈ സംഘം സൂക്ഷിച്ചിരിക്കുന്നത് താൻ കണ്ടതായും വ്യവസായിയുടെ മൊഴിയിലുണ്ട്. ഇത് കേസിലെ ഗൂഢാലോചനയിലേക്ക് വിരൽ ചൂണ്ടുന്നു.