
ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ വീണ്ടും നിര്‍ണായക അറസ്റ്റ്. മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായിരുന്ന ശ്രീകുമാറിനെയാണ് അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെയായിരുന്നു നടപടി.
2019-ല്‍ ദ്വാരപാലക ശില്പങ്ങള്‍ പുറത്തേക്ക് കൊണ്ടുപോകുന്ന സമയത്ത് ശബരിമല അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറായിരുന്നു ശ്രീകുമാര്‍. ശില്പങ്ങള്‍ കടത്തുന്നതില്‍ ഇദ്ദേഹത്തിന് പങ്കുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. മേല്‍ ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശപ്രകാരം ഫയലുകള്‍ നീക്കുക മാത്രമാണ് താന്‍ ചെയ്തതെന്നായിരുന്നു ശ്രീകുമാറിന്റെ വാദം. എന്നാല്‍ ഇത് കോടതി അംഗീകരിച്ചില്ല.
അന്നത്തെ ദേവസ്വം കമ്മീഷണറായിരുന്ന എന്‍. വാസു നല്‍കിയ ശുപാര്‍ശ പ്രകാരമാണ് കട്ടിളപ്പാളിയിലെ സ്വര്‍ണ്ണം ‘ചെമ്പ്’ എന്ന് രേഖപ്പെടുത്തിയതെന്ന് എസ്.ഐ.ടി കണ്ടെത്തിയിട്ടുണ്ട്. മുരാരി ബാബു നല്‍കിയ കത്ത് ബോര്‍ഡിന്റെ തീരുമാനത്തിനായി കൈമാറുകയായിരുന്നു തന്റെ ചുമതലയെന്നും, താന്‍ വിരമിച്ച ശേഷമാണ് പാളികള്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് കൈമാറിയതെന്നുമാണ് എന്‍. വാസുവിന്റെ പ്രതികരണം. കൂടുതല്‍ ഉന്നത ഉദ്യോഗസ്ഥരിലേക്ക് അന്വേഷണം വ്യാപിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്.