Sabarimala| ശബരിമല സ്വര്‍ണ്ണപ്പാളി വിവാദം: ‘ചെമ്പാക്കിയത് ദേവസ്വം ബോര്‍ഡ്’ എന്ന് വിജിലന്‍സ്; എന്‍. വാസുവിന്റെ ശുപാര്‍ശയെന്ന് കണ്ടെത്തല്‍

Jaihind News Bureau
Thursday, October 16, 2025

തിരുവനന്തപുരം: ശബരിമലയിലെ ദ്വാരപാലക ശില്‍പ്പങ്ങളുമായി ബന്ധപ്പെട്ട സ്വര്‍ണ്ണപ്പാളി വിവാദത്തില്‍ ദേവസ്വം വിജിലന്‍സിന്റെ നിര്‍ണ്ണായക കണ്ടെത്തല്‍. ശബരിമല ശ്രീകോവില്‍ വാതിലിന്റെ കട്ടിളയിലെ സ്വര്‍ണ്ണപ്പാളികള്‍ ചെമ്പുപാളികളെന്ന പേരില്‍ സ്വര്‍ണ്ണത്തട്ടിപ്പിന്റെ മുഖ്യ ആസൂത്രകനായ ഉണ്ണിക്കൃഷ്ണന്‍ പോറ്റിക്കു കൈമാറാനുള്ള നിര്‍ണ്ണായക തീരുമാനം അന്നത്തെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റേതായിരുന്നുവെന്ന് ദേവസ്വം വിജിലന്‍സ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച അനുബന്ധ റിപ്പോര്‍ട്ടില്‍ രേഖകള്‍ സഹിതം വ്യക്തമാക്കുന്നു. സ്വര്‍ണ്ണപ്പാളി കടത്തില്‍ ഉന്നതതലത്തിലുള്ള ഒത്താശയാണ് നടന്നതെന്നും, അന്നത്തെ ദേവസ്വം കമ്മിഷണറും പിന്നീട് ബോര്‍ഡ് പ്രസിഡന്റുമായ എന്‍. വാസുവിന്റെ ഇടപെടലുകളാണ് തട്ടിപ്പിന് വഴി തുറന്നതെന്നും റിപ്പോര്‍ട്ടില്‍ ആരോപിക്കുന്നു.

2019 ഫെബ്രുവരി 16-ന് എക്‌സിക്യൂട്ടീവ് ഓഫിസറായിരുന്ന ഡി. സുധീഷ് കുമാര്‍ കമ്മിഷണര്‍ക്ക് നല്‍കിയ കത്തില്‍ ‘സ്വര്‍ണം പൂശിയ ചെമ്പ് പാളികള്‍’ എന്നാണ് രേഖപ്പെടുത്തിയിരുന്നത്. എന്നാല്‍, ഫെബ്രുവരി 26-ന് കമ്മിഷണര്‍ എന്‍. വാസു ബോര്‍ഡിന് നല്‍കിയ ശുപാര്‍ശയില്‍ നിന്ന് ‘സ്വര്‍ണം പൂശിയ’ എന്ന നിര്‍ണ്ണായക പരാമര്‍ശം ഒഴിവാക്കി ‘ചെമ്പുപാളികള്‍’ എന്ന് മാത്രമാക്കി ചുരുക്കി. ഈ ‘തിരുത്തിയ’ ശുപാര്‍ശ അംഗീകരിച്ചാണ് 2019 മാര്‍ച്ച് 19-ന് ദേവസ്വം ബോര്‍ഡ് പാളികള്‍ കൈമാറാന്‍ തീരുമാനമെടുത്തത്. ഇതിന്റെ അടിസ്ഥാനത്തില്‍ ദേവസ്വം സെക്രട്ടറി എസ്. ജയശ്രീയുടെ ഉത്തരവനുസരിച്ചാണ് പാളികള്‍ കടത്തിയത്.

2019-ല്‍ സ്വര്‍ണ്ണപ്പാളി ഇളക്കിയെടുത്തപ്പോഴും തിരികെ സ്ഥാപിച്ചപ്പോഴും സാക്ഷ്യം വഹിക്കേണ്ടവരുടെ പട്ടികയില്‍ നിന്ന് ഹൈക്കോടതി നിയോഗിച്ച സ്‌പെഷല്‍ കമ്മിഷണറെയും ദേവസ്വം വിജിലന്‍സ് എസ്.പി.യെയും ഒഴിവാക്കാന്‍ ബോര്‍ഡ് തീരുമാനിച്ചു. ക്രമക്കേടുകള്‍ കൃത്യമായി റിപ്പോര്‍ട്ട് ചെയ്യാന്‍ ബാധ്യതയുള്ള ഈ രണ്ട് ഉദ്യോഗസ്ഥരെ ഒഴിവാക്കിയത് സംശയാസ്പദമാണ്. പാളികള്‍ ഇളക്കിയെടുക്കുമ്പോള്‍ തൂക്കവും അളവും കണക്കാക്കണമെന്ന് ബോര്‍ഡ് തീരുമാനിച്ചിരുന്നു. എന്നാല്‍, അറ്റകുറ്റപ്പണിക്ക് ശേഷം തിരികെ സ്ഥാപിക്കുമ്പോള്‍ തൂക്കം നോക്കണമെന്ന് നിര്‍ദേശിക്കാതിരുന്നത് തട്ടിപ്പിന് വഴിയൊരുക്കിയതായും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. സ്വര്‍ണ്ണം പൂശിയ ചെന്നൈ സ്മാര്‍ട്ട് ക്രിയേഷന്‍സിലെ നടപടികള്‍ സുതാര്യമല്ലെന്നും വിജിലന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നു.

സ്വര്‍ണ്ണക്കവര്‍ച്ചയില്‍ ബോര്‍ഡിന് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രിയടക്കമുള്ളവര്‍ ന്യായീകരിച്ചിരുന്ന സാഹചര്യത്തിലാണ് അവരുടെ വ്യക്തമായ പങ്ക് രേഖകള്‍ സഹിതം വിജിലന്‍സ് ഹൈക്കോടതിയെ അറിയിച്ചിരിക്കുന്നത്. ഇത് സര്‍ക്കാരിനെ വലിയ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.