ശബരിമല സ്വർണക്കൊള്ള: ജ്വല്ലറിയിൽ നിന്ന് സ്വർണം കണ്ടെടുത്തു; നിർണായക നീക്കവുമായി എസ്ഐടി

Jaihind News Bureau
Sunday, December 21, 2025

ശബരിമലയിൽ നിന്ന് കൊള്ളയടിച്ച സ്വർണം പ്രത്യേക അന്വേഷണ സംഘം കണ്ടെടുത്തു. ബെല്ലാരിയിലെ ജ്വല്ലറി ഉടമ ഗോവർദ്ധന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിൽ നിന്നാണ് 470 ഗ്രാം സ്വർണം കണ്ടെടുത്തത്. കേസിലെ മുഖ്യപ്രതികളായ സ്മാർട്ട് ക്രിയേഷൻസ് സിഇഒ പങ്കജ് ഭണ്ഡാരി, ഗോവർദ്ധൻ എന്നിവരെ കോടതി ജനുവരി ഒന്ന് വരെ റിമാൻഡ് ചെയ്തു. സ്വർണം മോഷ്ടിക്കാനും അത് വിറ്റഴിക്കാനും സഹായിച്ചതിന് പുറമെ, കുറ്റകൃത്യത്തിന്റെ തെളിവുകൾ നശിപ്പിക്കാൻ ഇരുവരും കൂട്ടുനിന്നതായും റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

കൊള്ളയടിച്ച സ്വർണത്തിനായി നൽകിയ 15 ലക്ഷം രൂപയ്ക്ക് പുറമെ, സ്‌പോൺസർഷിപ്പ് എന്ന പേരിൽ ഒന്നരക്കോടിയോളം രൂപ ഉണ്ണികൃഷ്ണൻ പോറ്റിക്ക് നൽകിയതായി ഗോവർദ്ധൻ മൊഴി നൽകിയിട്ടുണ്ട്. ഈ ഭീമമായ തുക ഉണ്ണികൃഷ്ണൻ പോറ്റിയെ കൂടാതെ മറ്റാർക്കെല്ലാം ലഭിച്ചു എന്ന കാര്യത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. കേസിലെ സാമ്പത്തിക സ്രോതസ്സുകളെക്കുറിച്ചും ഉന്നത ഉദ്യോഗസ്ഥരിലേക്കും രാഷ്ട്രീയ പ്രമുഖരിലേക്കും നീളുന്ന ബന്ധങ്ങളെക്കുറിച്ചും എസ്ഐടി വിശദമായ അന്വേഷണം നടത്തുന്നുണ്ട്.

കേസന്വേഷണത്തിലെ മെല്ലെപ്പോക്കിനെ ഹൈക്കോടതി സിംഗിൾ ബെഞ്ച് രൂക്ഷമായി വിമർശിച്ചതിന് പിന്നാലെയാണ് അന്വേഷണ സംഘം നടപടികൾ വേഗത്തിലാക്കിയത്. ദേവസ്വം ബോർഡ് മുൻ അംഗങ്ങളായ ശങ്കർദാസ്, വിജയകുമാർ എന്നിവരെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്താത്തത് കോടതി ചോദ്യം ചെയ്തിരുന്നു. അന്വേഷണത്തിൽ വിവേചനം പാടില്ലെന്നും വലിയ സ്രാവുകളെ പിടികൂടണമെന്നും കോടതി കർശന നിർദ്ദേശം നൽകിയതോടെയാണ് ഉന്നതരിലേക്ക് അന്വേഷണം നീങ്ങിയത്. വരും ദിവസങ്ങളിൽ കേസിൽ കൂടുതൽ അറസ്റ്റുകൾ ഉണ്ടാകുമെന്നാണ് സൂചന.