ശബരിമല: കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം ; തീർത്ഥാടകരുടെ എണ്ണം പരിമിതപ്പെടുത്തി

Jaihind News Bureau
Tuesday, October 6, 2020

 

തിരുവനന്തപുരം : ശബരിമല തീര്‍ത്ഥാടകര്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കും. ദിനംപ്രതിയുള്ള തീർത്ഥാടകരുടെ എണ്ണവും പരിമിതപ്പെടുത്തി. കൊവിഡിന്‍റെ പശ്ചാത്തലത്തിൽ ഈ തീർഥാടനകാലത്തെക്കുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ സർക്കാർ പ്രഖ്യാപിച്ചു.

വിദഗ്ധ സമിതിയുടെ ശുപാര്‍ശകള്‍ പരിശോധിച്ചാണ് ശബരിമലയിൽ നിയന്ത്രണം ഏർപ്പെടുത്തുന്നത്.  തീര്‍ത്ഥാടനം കര്‍ശനമായ കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് നടത്തും. വരുന്ന തീർഥാടകർക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉണ്ടെങ്കിലും നിലയ്‍ക്കലില്‍ വീണ്ടും പരിശോധന നടത്തും. എന്‍ട്രി പോയിന്‍റുകളില്‍ പണം നല്‍കി തീര്‍ത്ഥാടകര്‍ പരിശോധന നടത്തണം. ദിവസവും ആയിരം പേര്‍ക്ക് മാത്രമായിരിക്കും ദര്‍ശനം അനുവദിക്കുക.

ശനി, ഞായര്‍ ദിവസങ്ങളില്‍ 2000 പേര്‍ക്ക് ദര്‍ശനം ആകാം. അതേസമയം സന്നിധാനത്തേക്ക് എത്തുന്ന മറ്റു് കാനന പാതകൾ അടക്കും. ശക്തമായ നിരീക്ഷണം ഉണ്ടാകും. ഓണ്‍ലൈന്‍ രജിസ്ട്രേഷനിലൂടെ വെര്‍ച്വല്‍ ക്യൂ സംവിധാനത്തില്‍ ഉള്‍പ്പെടുത്തി തിരക്കില്ലാതെ ദര്‍ശത്തിന് എത്തിക്കുന്ന തരത്തില്‍ ക്രമീകരണം ഒരുക്കും.
കൊവിഡിന്‍റെ പശ്ചാത്തലത്തില്‍ തീര്‍ത്ഥാടനം പൂര്‍ണ്ണമായ തോതില്‍ നടത്താൻ പരിമിതികളുണ്ടെന്നും സർക്കാർ വിലയിരുത്തി.