എസ്. രാജേന്ദ്രന്‍ ബിജെപിയിലേക്ക്? നേതാക്കളുമായി ചർച്ച നടത്തി

Jaihind Webdesk
Friday, March 8, 2024

 

ഇടുക്കി: സിപിഎം നേതാവ് എസ്. രാജേന്ദ്രൻ ബിജെപിയിലേക്ക്. ദേവികുളം മുൻ എംഎൽഎ ബിജെപി നേതാക്കളുമായി ചർച്ച നടത്തി. ബിജെപി നേതാവ് പി.കെ. കൃഷ്ണദാസുമായി ഫോണിൽ സംസാരിച്ചതായാണ് വിവരം. സസ്പെൻഷൻ പിൻവലിച്ചില്ലെങ്കിൽ ഇക്കാര്യത്തില്‍ തീരുമാനം എടുക്കുമെന്നാണ് രാജേന്ദ്രന്‍റെ നിലപാട്. എന്നാല്‍ പ്രചാരണം അടിസ്ഥാനരഹിതമാണെന്നാണ് സിപിഎമ്മിന്‍റെ വിശദീകരണം.

സിപിഎം പ്രാഥമിക അംഗ്വത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്ത് ഒരു വർഷം പിന്നിട്ടതോടെയാണ് എസ്. രാജേന്ദ്രൻ ബിജെപിയിലേക്കെന്ന പ്രചാരണം ശക്തമായത്. ദേവികുളം എംഎൽഎ എ. രാജയെ പരാജയപ്പെടുത്താൻ ശ്രമിച്ചെന്ന് കണ്ടെത്തിയതിനെ തുടർന്നായിരുന്നു എസ്. രാജേന്ദ്രനെതിരെ പാർട്ടി നടപടിയെടുത്തത്. രാജേന്ദ്രന്‍റെ വീട്ടില്‍ ബിജെപി നേതാക്കളെത്തി ചർച്ച നടത്തിയതായാണ് വിവരം.  പി.കെ. കൃഷ്ണദാസ് അടക്കമുള്ള ബിജെപി നേതാക്കള്‍ സംസാരിച്ചതായി രാജേന്ദ്രന്‍ പറയുന്നു. ഈ വിവരം സിപിഎം സംസ്ഥാന സെക്രട്ടറിയെ അറിയിച്ചിരുന്നു. സസ്പെൻഷൻ നടപടി പിൻവലിക്കുന്നതില്‍ ഇനിയും തീരുമാനമെടുക്കാത്തതില്‍ രാജേന്ദ്രന് അമർഷമുണ്ട്. സിപിഎമ്മിന്‍റെ ഭാഗത്തുനിന്ന് അനുകൂല തീരുമാനം ഉണ്ടായില്ലെങ്കില്‍ രാജേന്ദ്രന്‍ ബിജെപിയിലേക്ക് പോകുമെന്നാണ് സൂചന.