യുഎന്‍ പ്രമേയം വീറ്റോ ചെയ്ത് റഷ്യ; വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്ന് ഇന്ത്യയും ചൈനയും യുഎഇയും

Jaihind Webdesk
Saturday, February 26, 2022

 

കീവ്: യുക്രെയ്നിലെ അധിനിവേശത്തെ ശക്തമായി അപലപിച്ച് യുഎൻ രക്ഷാസമിതിയിൽ അവതരിപ്പിക്കപ്പെട്ട പ്രമേയത്തെ റഷ്യ വീറ്റോ ചെയ്തു. യുക്രെയ്ൻ തലസ്ഥാനമായ കീവിൽ റഷ്യൻ സൈന്യം പിടിമുറുക്കിയപ്പോഴും റഷ്യക്കെതിരേ ചെറുവിരൽ അനക്കാൻ അമേരിക്കയ്‌ക്കോ ഐക്യരാഷ്ട്രസഭയ്‌ക്കോ കഴിഞ്ഞില്ല. യുഎഇ, ചൈന എന്നീ രാജ്യങ്ങൾക്കൊപ്പം ഇന്ത്യയും തന്ത്രപരമായി വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു.

റഷ്യൻ ആക്രമണത്തിന് എതിരേ ഐക്യരാഷ്ട്ര സഭയിൽ പ്രമേയം പാസാക്കാൻ പോലും കഴിയാത്ത സാഹചര്യത്തിൽ യുക്രെയ്ൻ പൂർണ്ണമായും ഒറ്റപ്പെട്ടു. അമേരിക്കയിലും നാറ്റോയിലും പ്രതീക്ഷ അർപ്പിച്ചിരുന്ന വൊളോദിമിർ സെലെൻസ്കി റഷ്യൻ സൈന്യത്തെ പേടിച്ച് ബങ്കറിൽ ഒളിച്ചിരിക്കേണ്ട അവസ്ഥയിലുമായി. ചൈനയുടെ ആവശ്യത്തെ തുടർന്ന് വ്‌ളാഡിമിർ പുടിൻ ചർച്ചയ്ക്ക് സന്നദ്ധത അറിയിച്ചെങ്കിലും അതിനു മുമ്പേ തന്നെ റഷ്യൻ സൈന്യം യുക്രെയ്നെ പൂർണ്ണമായും നിർവീര്യമാക്കി കഴിഞ്ഞു. അമേരിക്ക പിന്തുണച്ച പ്രമേയത്തിന് അനുകൂലമായി 11 രാജ്യങ്ങൾ വോട്ട് ചെയ്തു. യുക്രൈയ്‌നിലെ സംഭവ വികാസങ്ങളിൽ അഗാധമായി അസ്വസ്ഥരാണെന്ന് അറിയിച്ചു കൊണ്ടാണ് ഇന്ത്യ വോട്ടെടുപ്പിൽ നിന്ന് വിട്ടു നിന്നത്. അക്രമവും ശത്രുതയും ഉടനടി അവസാനിപ്പിക്കാൻ എല്ലാ ശ്രമങ്ങളും നടത്തണമെന്നും ഇന്ത്യ അഭ്യർത്ഥിച്ചു. യുഎന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി ടി.എസ് തിരുമൂർത്തിയാണ് ഇന്ത്യയുടെ അഭിപ്രായം കൗൺസിലിൽ പറഞ്ഞത്.
തർക്കങ്ങൾ പരിഹരിക്കാൻ ചർച്ചകളാണ് ആവശ്യമെന്നും നയതന്ത്രത്തിന്‍റെ പാത കൈവിട്ടുപോയതിൽ ഖേദമുണ്ടെന്നും വോട്ടെടുപ്പിൽ നിന്ന് വിട്ടുനിൽക്കാൻ കാരണമായി ഇന്ത്യ പറഞ്ഞു.

അമേരിക്കയും അൽബേനിയയും ചേർന്ന് എഴുതിയ കരട് പ്രമേയം ഓസ്ട്രേലിയ, ഫിൻലാൻഡ്, ജോർജിയ, ജർമ്മനി, ഇറ്റലി, ലിത്വാനിയ, ന്യൂസിലാൻഡ്, നോർവേ, പോളണ്ട്, റൊമാനിയ തുടങ്ങിയ രാജ്യങ്ങൾ അനുകൂലിച്ചു. നിലവിൽ സെക്യൂരിറ്റി കൗൺസിൽ അധ്യക്ഷസ്ഥാനം വഹിക്കുന്നത് റഷ്യയാണ്. വിശാലമായ യുഎൻ ജനറൽ അസംബ്ലിക്ക് മുമ്പിലും സമാനമായ പ്രമേയം വോട്ടെടുപ്പിന് വരും. അതിനിടെ യുക്രെയ്ന്‍റെ അയൽ രാജ്യങ്ങളിലെ അതിർത്തി വഴി ഇന്ത്യക്കാരെ ഒഴിപ്പിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. ഏകദേശം 20,000 ഇന്ത്യക്കാരാണ് യുക്രെയ്നിലുള്ളത്. ഇതിൽ 4,000 ത്തോളം പേർ ഇതിനകം മടങ്ങിയിട്ടുണ്ട്.