
ന്യൂഡല്‍ഹി: റഷ്യ-യുക്രൈന് യുദ്ധത്തില്‍ റഷ്യന്‍ കരസേനയുടെ ഭാഗമായി പ്രവര്‍ത്തിച്ചിരുന്ന 26 ഇന്ത്യന്‍ പൗരന്മാര് കൊല്ലപ്പെട്ടതായി കേന്ദ്ര സര്‍ക്കാര്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചു. അനധികൃതമായി റഷ്യന്‍ സേനയില്‍ ചേര്‍ന്ന 202 ഇന്ത്യക്കാരുടെ വിവരങ്ങളാണ് കേന്ദ്രത്തിന്റെ പക്കലുള്ളത്. ഇതില്‍ 26 പേര് യുദ്ധഭൂമിയില്‍ വെച്ച് മരണപ്പെട്ടതായാണ് റിപ്പോര്‍ട്ട്.
റഷ്യന്‍ സേനയില്‍ കുടുങ്ങിപ്പോയ ഇന്ത്യക്കാരെ രക്ഷപ്പെടുത്താനുള്ള നടപടികള്‍ ഊര്‍ജ്ജിതമാണെന്ന് സര്‍ക്കാര്‍ അറിയിച്ചു. ഇതുവരെ 119 പേരെ സുരക്ഷിതമായി ഇന്ത്യയിലേക്ക് തിരിച്ചെത്തിച്ചു. ഏഴ് പേര് ഇപ്പോഴും കാണാതായ നിലയിലാണ്. ബാക്കിയുള്ള 50 ഇന്ത്യക്കാരെ ഉടന്‍ മടക്കിയെത്തിക്കാന്‍ റഷ്യന്‍ അധികൃതരുമായി ചേര്‍ന്ന് നയതന്ത്രതലത്തിലുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്.
മലയാളികള്‍ ഉള്‍പ്പെടെ നിരവധി ഇന്ത്യന്‍ യുവാക്കള്‍ തൊഴില്‍ തട്ടിപ്പിലൂടെയും മറ്റും റഷ്യന്‍ സേനയില്‍ കുടുങ്ങിയെന്ന വാര്‍ത്തകള്‍ വലിയ ആശങ്കയുണ്ടാക്കിയിരുന്നു. ഈ മാസം ആദ്യം 23-ാം ഇന്ത്യ-റഷ്യ വാര്‍ഷിക ഉച്ചകോടിക്കായി റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിന് ഇന്ത്യ സന്ദര്‍ശിച്ച വേളയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ വിഷയം ഗൗരവമായി ഉന്നയിച്ചിരുന്നു. ഇന്ത്യക്കാരുടെ മോചനം വേഗത്തിലാക്കുമെന്ന് അന്ന് പുടിന് ഉറപ്പുനല്‍കിയിരുന്നു. റഷ്യന്‍ സേനയില്‍ കുടുങ്ങിക്കിടക്കുന്ന ബാക്കിയുള്ളവരെ എത്രയും വേഗം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ വിദേശകാര്യ മന്ത്രാലയം തുടരുകയാണ്.