മദ്യശാലകള്‍ക്ക് മുന്നിലെ തിരക്ക്; കൊവിഡ് മാനദണ്ഡങ്ങള്‍ ബാധകമല്ലേയെന്ന് ഹൈക്കോടതി

Jaihind Webdesk
Tuesday, August 10, 2021

 

കൊച്ചി : മദ്യവിൽപ്പന ശാലകളിലെ തിരക്കിൽ വീണ്ടും ആശങ്ക പ്രകടിപ്പിച്ച് ഹൈക്കോടതി. സംസ്ഥാന സർക്കാരിന്‍റെ പുതുക്കിയ കൊവിഡ് മാർഗനിർദേശങ്ങൾ എന്തുകൊണ്ടാണ് മദ്യവിൽപ്പനശാലകൾക്ക് ബാധകമാക്കാത്തതെന്ന് കോടതി ചോദിച്ചു. ഇക്കാര്യത്തിൽ ഉടൻ മറുപടി നൽകാൻ സംസ്ഥാന സർക്കാരിന് ഹൈക്കോടതി നിർദ്ദേശം നൽകി. ഹർജി നാളെ വീണ്ടും കോടതി പരിഗണിക്കും.

കൊവിഡ് കാലത്തെ മദ്യവിൽപ്പന ശാലകളിലെ തിരക്കിൽ മുമ്പും ഹൈക്കോടതി ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഹർജി പരിഗണിച്ച ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ സംസ്ഥാന സർക്കാരിനെ കടുത്ത ഭാഷയിലാണ് വിമർശിച്ചത്. കടകളിൽ പോകുന്നവർ വാക്സിൻ സ്വീകരിച്ചിരിക്കണം എന്ന വ്യവസ്ഥ മദ്യ വിൽപ്പനശാലകൾക്കും ബാധകമാക്കണമെന്ന് കോടതി പറഞ്ഞു. ഇക്കാര്യത്തിൽ മറുപടി നൽകാൻ സംസ്ഥാന സർക്കാരിന് ഹൈക്കോടതി നിർദ്ദേശം നൽകി. സംസ്ഥാനത്തെ മദ്യശാലകൾക്ക് മുന്നിൽ ഇപ്പോഴും വലിയ തിരക്കാണെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. പൊലീസ് ബാരിക്കേഡ് വച്ച് അടിച്ചൊതുക്കിയാണ് തിരക്ക് നിയന്ത്രിക്കുന്നത്. ഇത് താൻ നേരിട്ടുകണ്ട സംഭവമാണെന്നും ജസ്റ്റിസ് പറഞ്ഞു.

മദ്യം വാങ്ങാൻ എത്തുന്നവരെ കന്നുകാലികളെ പോലെയാണ് കാണുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി. മദ്യം വാങ്ങാനെത്തുന്നവരോടുള്ള വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ പെരുമാറ്റത്തിൽ നേരത്തെയും കോടതി രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു. ആർടിപിസിആർ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോ, വാക്സിന്‍ എടുത്ത രേഖയോ ബെവ്കോ ഔട്ട്‌ലെറ്റുകൾക്കും ബാധകമാക്കണം. മദ്യം വാങ്ങേണ്ടതിനാല്‍ കൂടുതല്‍ ആളുകള്‍ വാക്സിന്‍ എടുക്കുമെന്നും കോടതി പറഞ്ഞു.