രൂപയുടെ മൂല്യം ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിരക്കിലെത്തി. ഡോളറിനെതിരെ രൂപയുടെ മൂല്യം 71 ലേക്ക് കൂപ്പുകുത്തി. ഇന്ന് വ്യാപാരം ആരംഭിച്ചത് തന്നെ നഷ്ടത്തിലാണ്. പിന്നീട് നില അൽപം മെച്ചപ്പെട്ടെങ്കിലും വിപണിയിലെ നഷ്ടം ഇനിയും തുടർന്നേക്കാമെന്നാണ് വിലയിരുത്തൽ.
പൊതുമേഖലാ ബാങ്കുകളും എണ്ണക്കമ്പനികളും വൻതോതിൽ ഡോളർ വാങ്ങിക്കൂട്ടുന്നതാണ് രൂപയ്ക്ക് തിരിച്ചടിയാകുന്നത്.അമേരിക്കൻ കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് ഈ വർഷം ഇനി ഘട്ടംഘട്ടമായേ പലിശനിരക്ക് ഉയർത്തൂ എന്ന് പ്രഖ്യാപിച്ചതിനാൽ ആഗോളതലത്തിൽ ഡോളറിന്റെ അപ്രമാദിത്തം കുറഞ്ഞിരുന്നു. എന്നാൽ ക്രൂഡോയിൽ വില വീണ്ടും ഉയരുന്നതാണ് രാജ്യത്ത് ഡോളറിന്റെ ഡിമാൻഡ് കൂടാനും രൂപയുടെ മൂല്യം താഴാനും കാരണം. ക്രൂഡോയിൽ വാങ്ങൽ നടപടികൾ ഡോളറിലായതിനാലാണ് എണ്ണക്കമ്പനികളും മറ്റും രൂപയെ വൻതോതിൽ കൈയൊഴിയുന്നത്.
https://www.youtube.com/watch?v=Jl5XzdR0Uk0
അമേരിക്ക വീണ്ടും ഉപരോധം ഏർപ്പെടുത്തിയതിനാൽ ഇറാനിൽ നിന്ന് രാജ്യാന്തര വിപണിയിലേക്ക് എത്തുന്ന ക്രൂഡോയിലിന്റെ അളവ് കുറയും. ഈ ഭീതിമൂലം ക്രൂഡോയിൽ വില അനുദിനം കൂടുകയാണ്. ഓഹരി വിപണി വീണ്ടും നഷ്ടത്തിലേക്ക് വീണതും രൂപയെ തളർത്തുന്നുണ്ട്. വിദേശ നിക്ഷേപകർ ഇന്നലെ മാത്രം ഇന്ത്യൻ ഓഹരി വിപണിയിൽ നിന്ന് 1,500 കോടിയോളം രൂപയുടെ നിക്ഷേപം പിൻവലിച്ചതും രൂപയെ തളർത്തി. വിദേശ ഉത്പന്നങ്ങളുടെ ഇറക്കുമതി ചെലവേറുമെന്നതിനാൽ രൂപയുടെ തകർച്ച ഇന്ത്യയ്ക്ക് കനത്ത തിരിച്ചടിയാണ്.
പെട്രോൾ, ഡീസൽ, സ്വർണം, ഇലക്ട്രോണിക്സ് ഉത്പന്നങ്ങൾ തുടങ്ങിയവയുടെ വില ഇനിയും ഉയരും. വിദേശ യാത്രയ്ക്കും വിദേശത്തെ പഠനത്തിനും ചെലവേറും.