റൂള്‍സ്‌ ഓഫ്‌ ബിസിനസ്‌ ദേദഗതി മുഖ്യമന്ത്രിയെ ഏകചക്രാധിപതി ആക്കാന്‍:എം.എം.ഹസ്സന്‍

Jaihind News Bureau
Sunday, October 11, 2020

എല്ലാ അധികാരങ്ങളും കേന്ദ്രീകരിച്ച്‌ ഭരണത്തില്‍ മുഖ്യമന്ത്രിയെ ഏകചക്രാധിപതി ആക്കുന്നതിന്‍റെ ഭാഗമാണ്‌ റൂള്‍സ്‌ ഓഫ്‌ ബിസിനസ്‌ ദേദഗതി ചെയ്യുന്നതുമായി ബന്ധപ്പെട്ട്‌ മന്ത്രിസഭാ ഉപസമതിയുടെ നിര്‍ദ്ദേശങ്ങളെന്ന്‌ യുഡിഎഫ്‌ കണ്‍വീനര്‍ എം.എം.ഹസ്സന്‍.

കഴിഞ്ഞ നാലര വര്‍ഷത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഏകാധിപത്യ പ്രവര്‍ത്തന ശൈലിക്ക്‌ അംഗീകാരം നല്‍കാനുള്ള വിഫലശ്രമമാണിത്‌.  അധികാരം വിട്ടൊഴിയാന്‍ അരനാഴിക മാത്രം ശേഷിക്കെ 2018ല്‍ നിയോഗിച്ച കമ്മിറ്റിയുടെ ശുപാര്‍ശകള്‍ ചര്‍ച്ചയ്‌ക്ക്‌ വന്നത്‌ അത്ഭുതകരമായ നടപടിയാണ്‌. കാബിനറ്റ്‌ സംവിധാനത്തില്‍ മന്ത്രിമാരില്‍ ഒന്നാമന്‍ എന്ന സ്ഥാനമാണ്‌ മുഖ്യമന്ത്രിക്കുള്ളത്‌. മന്ത്രിമാരുടെ മുകളില്‍ വകുപ്പ്‌ സെക്രട്ടറിമാരായ ഉദ്യോഗസ്ഥരെ പ്രതിഷ്‌ഠിക്കാനുള്ള ഭേദഗതി നിര്‍ദ്ദേശം ജനാധിപത്യ സംവിധാനത്തെ പരിഹസിക്കുന്നതിനും അവഹേളിക്കുന്നതിനും തുല്യമാണ്‌.  ഇത്‌ മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്വം തകര്‍ക്കുന്നതും മന്ത്രിമാരെ നോക്കുകുത്തിയാക്കുന്നതുമാണ്‌. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക്‌ അമിത അധികാരം നല്‍കിയതു കൊണ്ടാണ്‌ സ്വര്‍ണ്ണക്കടത്ത്‌, സ്‌പ്രിങ്കളര്‍, ലൈഫ് മിഷന്‍ അഴിമതികള്‍ നടന്നത്‌. അതുകൊണ്ട്‌ ഇത്തരമൊരു സാഹചര്യത്തില്‍ മന്ത്രിസഭാ ഉപസമിതിയുടെ നിര്‍ദ്ദേശങ്ങളില്‍ ദുരൂഹതയുണ്ട്‌. കേന്ദ്രത്തില്‍ എല്ലാ അധികാരങ്ങളും പ്രധാനമന്ത്രിയില്‍ കേന്ദ്രീകരിച്ച്‌ ഏകാധിപതിയാക്കിയത്‌ പോലെ കേരളത്തില്‍ മുഖ്യമന്ത്രിയേയും അങ്ങനെ ആക്കാനാണ്‌ മന്ത്രിസഭാ ഉപസമിതി ആഗ്രഹിക്കുന്നത്‌.  ജനാധിപത്യ വിരുദ്ധമായ ഈ ശുപാര്‍ശയെ യുഡിഎഫ്‌ ശക്തമായി എതിര്‍ക്കുമെന്ന്‌ എം.എം.ഹസ്സന്‍ പറഞ്ഞു.