വിവരാവകാശപ്രവർത്തകനെയും കുടുംബത്തേയും വീട്ടില്‍ക്കയറി മർദ്ദിച്ച് റിട്ട. എസ്.ഐ ; ദൃശ്യങ്ങള്‍ പുറത്ത്

Tuesday, September 14, 2021

കൊല്ലം : കരുനാഗപ്പള്ളിയിൽ വിവരാവകാശപ്രവർത്തകന് റിട്ട എസ്ഐയുടേയും സംഘത്തിന്‍റെയും ക്രൂരമർദ്ദനം. വിവരാവകാശപ്രവർത്തകന്‍ ശ്രീകുമാറിനെയും അമ്മയേയും ആണ്  റഷീദിന്‍റെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘം വീട്ടില്‍ക്കയറി അക്രമിച്ചത്. കമ്പി വടി ഉപയോഗിച്ചുള്ള മർദ്ദനത്തിന്‍റെ ദൃശ്യങ്ങൾ പുറത്തുവന്നു.

ഇവർ തമ്മിൽ ഏറെ നാളായി വിവിധ പ്രശ്നങ്ങളിൽ തർക്കങ്ങളും കേസുകളും നിലനിന്നിരുന്നു. സമീപ ദിവസങ്ങളിൽ റഷീദ് ഹണിട്രാപ്പിൽ കുരുങ്ങിയതായി ശ്രീകുമാർ ഫേസ്ബുക്ക് പോസ്റ്റ് ഇട്ടിരുന്നു. ഇതാണ് പ്രകോപനത്തിന് കാരണമായതെന്ന് പൊലീസ് പറഞ്ഞു. വിവരാവകാശപ്രവർത്തകൻ എന്ന പേരിൽ പലർക്കെതിരേയും വിവാദ പോസ്റ്റുകള്‍ ഇട്ടതിന് ശ്രീകുമാറിനെതിരെയും വിവിധ സ്റ്റേഷനുകളിൽ കേസ് നിലവിലുണ്ട്. റഷീദിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്.