ശബരിമല യുവതീ പ്രവേശനത്തില്‍ വീണ്ടും മലക്കം മറിഞ്ഞ് ആര്‍എസ്എസ്. ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിക്കണം എന്ന് തന്നെയാണ് സംഘടനയുടെ നിലപാടെന്നും, പക്ഷേ ആചാരങ്ങൾ പാലിക്കപ്പെടണമെന്നും ആര്‍എസ്എസ് കാര്യവാഹക് ഭയ്യാജി ജോഷി പറഞ്ഞു.
ആര്‍എസ്എസ് സമ്മേളനത്തിന് ശേഷം സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. നേരത്തെ ശബരിമലയില്‍ സ്ത്രീപ്രവേശനം നടപ്പാക്കണം എന്നായിരുന്നു ആര്‍എസ്എസ് നിലപാട്. പിന്നീട് ഇത് തിരുത്തിയിരുന്നു. എന്നാല്‍ ഇപ്പോള്‍ എവിടെയും തൊടാതെയുള്ള നിലപാടാണ് സംഘടന സ്വീകരിച്ചിരിക്കുന്നത്.
യുവതികള്‍ക്ക് പ്രവേശനം അനുവദിക്കണമെന്ന് തന്നെയാണ് സംഘടനയുടെ നിലപാട്. സമവായത്തിലൂടെയാണ് ഇത് നടപ്പിലാക്കേണ്ടത്. വിശ്വാസികളുടെ മേല്‍ ഒന്നും അടിച്ചേല്‍പ്പിക്കാനാവില്ല. ഭക്തരുടെ വികാരം മാനിക്കണം എന്നും ഭയ്യാജി ജോഷി പറഞ്ഞു. ആര്‍എസ്എസ് സമ്മേളനത്തിന് എത്തിയ അമിത് ഷായുമായി മോഹന്‍ ഭാഗവത് കൂടിക്കാഴ്ച്ച നടത്തിയ ശേഷമായിരുന്നു ഭയ്യാജിയുടെ പ്രസ്താവന. നേരത്തെ രാജ്യത്തെ ഭൂരിപക്ഷം ക്ഷേത്രങ്ങളിലും സ്ത്രീപ്രവേശനം ആവാമെങ്കില്‍ ശബരിമലയുടെ കാര്യത്തില്‍ മറിച്ചൊരു നിലപാട് ആവശ്യമില്ലെന്നായിരുന്നു അദ്ദേഹം പറഞ്ഞിരുന്നത്. എന്നാല്‍ ആര്‍എസ്എസിന്റെ ഈ നിലപാട് ശബരിമല പ്രക്ഷോഭം നടത്തുന്ന ബിജെപിക്ക് വലിയ തിരിച്ചടിയായിരുന്നു. തുടര്‍ന്നാണ് ആര്‍എസ്എസ് നിലപാട് തിരുത്തിയത്.