ആര്‍എസ്എസ് നേതാവ് പീഢിപ്പിച്ചു; ശാഖയുടെ ക്യാമ്പുകളില്‍ ലൈംഗിക ചൂഷണം; ആത്മഹത്യ ചെയ്ത യുവാവിന്റെ വെളിപ്പെടുത്തല്‍ വീഡിയോ പുറത്ത്

Jaihind News Bureau
Wednesday, October 15, 2025

കോട്ടയം: ആര്‍എസ്എസിനെ പ്രതിക്കൂട്ടിലാക്കി ആത്മഹത്യ ചെയ്ത യുവാവ് അനന്തു അജിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളടങ്ങിയ വീഡിയോ പുറത്ത്. ‘മരണമൊഴി’ എന്ന പേരില്‍ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍, മൂന്ന് വയസ്സ് മുതല്‍ താന്‍ ലൈംഗിക ചൂഷണത്തിന് ഇരയായിരുന്നുവെന്ന് അനന്തു അജി പറയുന്നു. വളരെ ഗുരുതരമായ ലൈംഗികാരോപണങ്ങളാണ് വീഡിയോയിലുള്ളത്.

തന്റെ ജീവിതത്തില്‍ പല സ്ഥലങ്ങളില്‍ നിന്നും ലൈംഗിക ചൂഷണം നേരിടേണ്ടി വന്നിട്ടുണ്ടെന്ന് അനന്തു വീഡിയോയില്‍ വ്യക്തമാക്കുന്നു. വീടിനടുത്തുള്ള ഒരാള്‍ തന്നെ മൂന്നാം വയസ്സുമുതല്‍ ചൂഷണം ചെയ്തുവെന്നും, എന്നാല്‍ അന്ന് അത് ലൈംഗിക ചൂഷണമാണെന്ന് തനിക്ക് തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നില്ലെന്നും അനന്തു പറയുന്നു. തന്നെ ലൈംഗികമായി ചൂഷണം ചെയ്തയാള്‍ ഇപ്പോള്‍ സമൂഹത്തില്‍ മാന്യനായി ജീവിക്കുകയാണെന്നും അനന്തു ചൂണ്ടിക്കാട്ടുന്നു.

ആര്‍എസ്എസ് ക്യാമ്പുകളിലെ ചൂഷണം:

തന്റെ മരണമൊഴിയില്‍, ആര്‍എസ്എസ് പ്രവര്‍ത്തകരുമായി അടുത്തിടപഴകരുതെന്നും അനന്തു മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ആര്‍എസ്എസ് ക്യാമ്പുകളില്‍ തനിക്ക് ശാരീരികവും മാനസികവും ലൈംഗികവുമായ ചൂഷണങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ടെന്നും അനന്തു വെളിപ്പെടുത്തുന്നു. ഈ ആരോപണങ്ങള്‍ക്കുള്ള തെളിവുകള്‍ ഇപ്പോള്‍ ഹാജരാക്കാനില്ലെന്നും വീഡിയോയില്‍ പറയുന്നുണ്ട്.

പ്രധാന പ്രതി നിതീഷ് മുരളീധരന്‍:

ലൈംഗികമായി ചൂഷണം ചെയ്തത് നിതീഷ് മുരളീധരന്‍ എന്നയാളാണെന്ന് അനന്തു പേരെടുത്ത് പറയുന്നുണ്ട്. നിതീഷ് മുരളീധരന്‍ തന്നെ തുടര്‍ച്ചയായി ലൈംഗികമായി ചൂഷണം ചെയ്തുവെന്നും വീഡിയോയില്‍ അനന്തു ആരോപിക്കുന്നു. തന്റെ അമ്മയോടും സഹോദരിയോടുമുള്ള സ്‌നേഹം കാരണമാണ് ഇത്രയും നാള്‍ ജീവിച്ചത്. എന്നാല്‍ അവര്‍ക്ക് നല്ല മകനോ സഹോദരനോ ആകാന്‍ തനിക്ക് കഴിഞ്ഞില്ലെന്ന് പറഞ്ഞുകൊണ്ടാണ് അനന്തു വീഡിയോ അവസാനിപ്പിക്കുന്നത്. ഈ വെളിപ്പെടുത്തല്‍ കേരള രാഷ്ട്രീയത്തിലും സാമൂഹിക മണ്ഡലത്തിലും വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുകയാണ്.