പാലക്കാട് വെട്ടേറ്റ ആർഎസ്എസ് നേതാവ് കൊല്ലപ്പെട്ടു

Jaihind Webdesk
Saturday, April 16, 2022

പാലക്കാട്: മേലാമുറിയിൽ ആർഎസ്എസ് നേതാവിനെ വെട്ടിക്കൊന്നു. മുൻ ശാരീരിക് ശിക്ഷക് പ്രമുഖ് എസ്.കെ ശ്രീനിവാസനാണ് കൊല്ലപ്പെട്ടത്. പാലക്കാട് നഗരത്തിലെ പച്ചക്കറി മാർക്കറ്റിന് സമീപമുള്ള കടയില്‍ കയറി വെട്ടുകയായിരുന്നു. കൊലപാതകത്തിന് പിന്നില്‍ എസ്.ഡി.പി.ഐ ആണെന്ന് ബി.ജെ.പി ആരോപിച്ചു.

ഉപയോഗിച്ച ബൈക്കുകള്‍ വില്‍ക്കുന്ന ഷോറൂം നടത്തുകയായിരുന്നു ശ്രീനിവാസൻ. ബൈക്കിലെത്തിയ സംഘമാണ് ശ്രീനിവാസനെ കടയില്‍ കയറി വെട്ടിയത്. തലയ്ക്കും നെറ്റിയിലുമാണ് വെട്ടേറ്റതെന്ന് ദൃക്സാക്ഷി പറഞ്ഞു. കഴിഞ്ഞ ദിവസം പോപ്പുലർ ഫ്രണ്ട് നേതാവിന്‍റെ കൊലപാതകത്തെ തുടർന്ന് ജില്ലയിൽ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിരുന്നു. ഇതിനിടയിലാണ് ആർഎസ്എസ് പ്രവർത്തകന്‍ കൊല്ലപ്പെട്ടത്.

ശ്രീനിവാസനെ പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോവാനാണ് ആദ്യം ശ്രമിച്ചത്. എന്നാൽ കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട പോപ്പുലർ ഫ്രണ്ട് നേതാവിന്റെ പോസ്റ്റുമോർട്ടം പൂർത്തിയാക്കി മൃതദേഹം ഏറ്റുവാങ്ങാൻ നിരവധി പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ അവിടെയുള്ളതിനാൽ പാലക്കാട് നഗരത്തിലെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ആശുപത്രിയില്‍ വെച്ചാണ് ശ്രീനിവാസന്‍റെ മരണം സ്ഥിരീകരിച്ചത്.