അയോധ്യ കേസിൽ സമ്മർദ്ദവുമായി ആർഎസ്എസ്. മധ്യസ്ഥ ചർച്ചയാകാമെന്ന സുപ്രീംകോടതി ഉത്തരവിനെതിരെയാണ് ആർഎസ്എസ് രംഗത്തെത്തിയത്. മധ്യസ്ഥതയ്ക്കുള്ള കോടതി നീക്കം അതിശയകരമാണെന്ന് ആർഎസ്എസ് പ്രതികരിച്ചു.
സുപ്രീംകോടതി ഉത്തരവിനെതിരെ പ്രമേയം പാസാക്കിയാണ് ആർഎസ്എസ് അതൃപ്തി പ്രകടിപ്പിച്ചിരിക്കുന്നത്. മതേതര രാഷ്ട്രമെന്ന സങ്കൽപ്പങ്ങൾക്ക് തിരിച്ചടിയേകുന്ന തരത്തിലുള്ള പ്രസ്താവനകളാണ് പ്രമേയത്തിലുള്ളത്. രാമക്ഷേത്രനിർമാണത്തിനുള്ള തടസം കോടതി നീക്കണം. കേസിൽ എത്രയും വേഗം വിധി പറയണമെന്നും ആർഎസ്എസ് ആവശ്യപ്പെട്ടു. ഹൈന്ദവരുടെ വിശ്വാസപ്രശ്നത്തിന് കോടതി മുൻഗണന നൽകാത്തത് മനസിലാകുന്നില്ലെന്നും ശബരിമല വിധി കൂടി ഉദ്ധരിച്ച് ആർഎസ്എസ് പറഞ്ഞു.
ശബരിമല വിധി ആചാരാനുഷ്ഠാനങ്ങൾ പരിഗണിക്കാതെയുള്ളതാണ്. കോടതി സമയപരിധി വയ്ക്കാതിരുന്നിട്ടും വിധി നടപ്പാക്കാൻ സർക്കാർ അനാവശ്യതിടുക്കം കാട്ടി. സംസ്ഥാനസർക്കാർ രാഷ്ട്രീയദുഷ്ടലാക്കോടെ പ്രവർത്തിച്ചെന്നും ആർഎസ്എസ് കുറ്റപ്പെടുത്തി. ക്ഷേത്ര നിർമ്മാണത്തിനായി പ്രക്ഷോഭം തുടങ്ങാനാണ് ആർഎസ്എസ് തീരുമാനം. അതിന് ഭരണകൂടത്തിന്റെ പിന്തുണ കൂടിയാകുമ്പോൾ വരുംദിനങ്ങളിൽ അയോധ്യ വിഷയം രാജ്യത്ത് കത്തിപ്പടരുമെന്നുറപ്പാണ്