ഭരണപരിഷ്കാര കമ്മീഷന് വേണ്ടി ചെലവാക്കിയത് 7 കോടിയിലേറെ; പരിഷ്കാരം വട്ടപ്പൂജ്യം

Jaihind News Bureau
Tuesday, April 7, 2020

VS Achuthanandan

സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലെന്ന് പറയുമ്പോഴും സർക്കാര്‍ ധൂർത്തിന് യാതൊരു കുറവുമില്ല. കൊവിഡ് പ്രതിരോധത്തിനുള്ള പണം കണ്ടെത്താന്‍ നിര്‍ബന്ധിത സാലറി ചലഞ്ചും ഭീഷണിയുമൊക്കെ പ്രയോഗിക്കുന്ന സർക്കാരിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. ധനമാനേജ്മെന്‍റിലെ പിടിപ്പുകേടിന് വകുപ്പ് മന്ത്രി തോമസ് ഐസക്കിനും മുഖ്യമന്ത്രിക്കുമെതിരെ ശക്തമായ ആരോപണങ്ങളും നിലനില്‍ക്കുന്നു. അതേസമയം ഭരണപരിഷ്കാര കമ്മീഷന് വേണ്ടി ചെലവഴിച്ച കോടികളുടെ കണക്കും സര്‍ക്കാരിന്  തലവേദനയാവുകയാണ്.

സർക്കാരിന്‍റെ ധൂർത്തിന് മറ്റൊരു ഉദാഹരണമാണ് നിലവിലെ ഭരണപരിഷ്കാര കമ്മീഷന്‍ എന്നാണ് ഉയരുന്ന ആക്ഷേപം. 2016 സെപ്റ്റംബറില്‍ നിലവില്‍ വന്ന ഭരണപരിഷ്‌കാര കമ്മീഷന്‍റെ നാലാമത് സമിതിയാണ് ഇപ്പോഴുള്ളത്. ഭരണസംവിധാനത്തെ കൂടുതല്‍ കാര്യക്ഷമമാക്കാനുള്ള നിർദേശങ്ങളും ആശയങ്ങളും നല്‍കുകയാണ് കമ്മീഷന്‍റെ പ്രധാന ചുമതല. എന്നാല്‍ കമ്മീഷന്‍ എന്തൊക്കെ നിർദേശങ്ങളാണ് മുന്നോട്ടുവെച്ചതെന്നും അതില്‍ എന്തൊക്കെ നടപ്പാക്കി എന്ന ചോദ്യത്തിന് നാല് നിർദേശങ്ങളില്‍ ഒന്നും നടപ്പാക്കിയില്ലെന്നാണ് സര്‍ക്കാര്‍ മറുപടി. അതേസമയം വി.എസ് അച്യുതാനന്ദൻ ചെയർമാനായ ഭരണപരിഷ്‌കാര കമ്മീഷന് വേണ്ടി 2019 വരെ ചെലവഴിച്ചത് ഏഴ് കോടിയിലേറെ രൂപയാണെന്നും സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.

പി.ടി തോമസ് എം.എല്‍.എയാണ് നിയമസഭയില്‍ ഇത് സംബന്ധിച്ച ചോദ്യം ഉന്നയിച്ചത്. 2019 വരെയുള്ള നാല് വര്‍ഷ കാലയളവില്‍  നാല് റിപ്പോര്‍ട്ടുകളാണ് കമ്മീഷന്‍ സമർപ്പിച്ചിട്ടുള്ളത്. എന്നാല്‍ നാളിതുവരെയായിട്ടും ഈ റിപ്പോര്‍ട്ടുകളില്‍ തീരുമാനം ഉണ്ടായിട്ടില്ല.  റിപ്പോര്‍ട്ടുകള്‍ സര്‍ക്കാരിന്‍റെ പരിശോധനയിലാണെന്നാണ് മുഖ്യമന്ത്രി നല്‍കിയ മറുപടി. 2019 ഡിസംബർ 31 വരെ എത്ര രൂപ ഭരണപരിഷ്കാര കമ്മീഷനുവേണ്ടി ചെലവഴിച്ചിട്ടുണ്ട് എന്ന ചോദ്യത്തിന് ഏഴ് കോടി പതിമൂന്ന് ലക്ഷത്തി മുപ്പതിനായിരത്തി അറുന്നൂറ്റി അറുപത്താറ് രൂപ എന്നാണ് മറുപടി. ക്യാബിനറ്റ് മന്ത്രിയുടെ പദവിയിലുള്ള ശമ്പളവും ആനുകൂല്യങ്ങളുമാണ് വി.എസ് അച്യുതാനന്ദന് ലഭിക്കുന്നത്. ചെയർമാന്‍ ഉൾപ്പെടെ 3 അംഗങ്ങളാണുള്ളത്. അധ്യക്ഷന്‍റെ പേഴ്സണൽ സ്റ്റാഫിലെ 12 ഉദ്യോഗസ്ഥർ ഉൾപ്പെടെ  29 ജീവനക്കാരുമുണ്ട്.

കൊവിഡ് പ്രതിസന്ധിക്കിടെയും ധൂർത്ത് അവസാനിപ്പിക്കാന്‍ സർക്കാർ തയാറാവുന്നില്ല. സാമ്പത്തിക അച്ചടക്കം പാലിക്കേണ്ട അവസ്ഥക്കിടെയാണ് വി.എസിന് പുറമെ  മൂന്ന് പേര്‍ക്ക് കൂടി ക്യാബിനറ്റ് പദവിയോടെ നിയമനം നല്‍കിയത്. കടുത്ത പ്രതിസന്ധിയിലും കോടികള്‍ മുടക്കി ഹെലികോപ്റ്റര്‍ വാടകയ്ക്ക് എടുക്കാനുള്ള തീരുമാനവും വലിയ വിവാദമായി. മറ്റുള്ളവരോട് മുണ്ട് മുറുക്കിയുടുക്കാന്‍ പറയുകയും ധൂര്‍ത്ത് തുടരുകയും ചെയ്യുന്ന സർക്കാർ നടപടിക്കെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്.