5000 കോടി രൂപയുടെ തട്ടിപ്പ് : ഗുജറാത്ത് വ്യവസായി നൈജീരിയയിലേയ്ക്ക് കടന്നതായി റിപ്പോര്‍ട്ട്

 

ഇന്ത്യയില്‍ തട്ടിപ്പ് നടത്തി വിദേശത്തേയ്ക്ക് കടക്കുന്ന പ്രമുഖ വ്യവസായികളുടെ പട്ടികയിലേയ്ക്ക് ഒരാള്‍ കൂടി. 5000 കോടി രൂപയുടെ തട്ടിപ്പ് നടത്തി മുങ്ങിയ ഗുജറാത്ത് വ്യവസായി നൈജീരിയയിലേയ്ക്ക് കടന്നതായി റിപ്പോര്‍ട്ട്. വായ്പാ തട്ടിപ്പുകേസിൽ അന്വേഷണം നേരിടുന്നതിനിടെയാണ് ഗുജറാത്ത് ആസ്ഥാനമായ സ്‌റ്റെര്‍ലിങ് ബയോടെക് എന്ന കമ്പനിയുടെ ഉടമയായ നിതിൻ സന്ദേശര വിദേശത്തേയ്ക്ക് കടന്നത്.

നേരത്തെ, സന്ദേശര ദുബായിൽ പിടിയിലായെന്നും തുടർനടപടികൾ ദുബായിൽ പുരോഗമിക്കുകയാണെന്നും പ്രതിയെ വിട്ടുകിട്ടാൻ ഉടൻ നടപടി സ്വീകരിക്കുമെന്നും അന്വേഷണ സംഘവും വ്യക്തമാക്കിയിരുന്നു.

വ്യവസായി വിജയ് മല്യയുടെ വായ്പ തട്ടിപ്പിന് പിന്നാലെ മറ്റൊരു വമ്പൻ ബാങ്ക് തട്ടിപ്പ് പ്രതി കൂടി രാജ്യം വിട്ടതായി സൂചന. 5000 കോടി രൂപയുടെ വായ്പാ തട്ടിപ്പുകേസിൽ അന്വേഷണം നേരിടുന്നതിനിടെയാണ് ഗുജറാത്ത് വ്യവസായി നിതിൻ സന്ദേശര നൈജീരിയയ്ക്കു കടന്നതായി സൂചനയുള്ളത്. ഗുജറാത്ത് ആസ്ഥാനമായ സ്റ്റെർലിങ് ബയോടെക് എന്ന കമ്പനിയുടെ ഉടമയാണ് നിതിൻ സന്ദേശര. ആന്ധ്രാ ബാങ്കിന്റെ നേതൃത്വത്തിലുള്ള കൺസോർഷ്യത്തിൽ നിന്നു സ്റ്റെർലിങ് ബയോടെക്, വായ്പയെടുത്ത 5000 കോടിയിലേറെ രൂപ തിരിച്ചടച്ചില്ലെന്നാണു കേസ്. 2016 ഡിസംബർ 31ലെ കണക്കുപ്രകാരം കമ്പനിയുടെ മൊത്തം കുടിശിക 5383 കോടി രൂപയാണ്. ആന്ധ്ര ബാങ്ക്, യൂക്കോ ബാങ്ക്, എസ്ബിഐ, അലഹാബാദ് ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ എന്നിവയുടെ കൺസോർഷ്യമാണു വായ്പ നൽകിയത്.

ഓഗസ്റ്റ് രണ്ടാം വാരത്തിൽ സന്ദേശരയെ ദുബായിൽ അറസ്റ്റു ചെയ്‌തെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ സന്ദേശരയും കുടുംബവും യു.എ.ഇയിൽ ഇല്ലെന്നും നൈജീരിയയിലേക്കു കടന്നുവെന്നുമാണ് നിലവിൽ കണ്ടെത്തിയിട്ടുള്ളത്. ഇവരെ വിട്ടുനൽകുന്നതിനായി ഇന്ത്യയും നൈജീരിയയും തമ്മിൽ യാതൊരുവിധ ഉടമ്പടികളുമില്ല. അതിനാൽ സന്ദേശര അടക്കമുള്ളവരെ നാട്ടിലേക്കു കൊണ്ടുവരുന്നത് അത്ര എളുപ്പമാവില്ലെന്ന വിലയിരുത്തലാണ് അന്വേഷണ സംഘത്തിനുള്ളത്. നിതിനു പുറമേ സഹോദരൻ ചേതൻ സന്ദേശര, സഹോദര ഭാര്യ ദിപ്തി ബെൻ സന്ദേശര എന്നിവരാണ് നൈജിരിയയിൽ എത്തിച്ചേർന്നുവെന്ന വിവരം ലഭിച്ചിട്ടുള്ളത്.

ഇവർക്കെതിരെ ഇന്റർപോളിന്റെ റെഡ്‌കോർണർ നോട്ടിസ് പുറപ്പെടുവിക്കാനുള്ള ശ്രമം തുടരുകയാണ്. ഇന്ത്യൻ പാസ്‌പോർട്ട് ഉപയോഗിച്ചാണോ അതോ മറ്റെന്തെങ്കിലും രേഖകൾ ഉപയോഗിച്ചാണ് സന്ദേശര നാടുവിട്ടതെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. ബാങ്ക് കൺസോർഷ്യത്തിൽ നിന്നെടുത്ത വായ്പ ഉപയോഗിച്ച് വിദേശത്ത് ഉൾപ്പെടെ വസ്തുവകകൾ വാങ്ങുകയും സ്റ്റെർലിങ് കമ്പനിയുടെ തന്നെ ഓഹരികൾ വാങ്ങി വിപണി മൂല്യമുയർത്തുകയും ചെയ്തുവെന്നാണു അന്വേഷണത്തിൽ കണ്ടെത്തിയത്. ആഡംബരക്കാറുകളും വസതികളും ആഭരണങ്ങളും വാങ്ങാനും തുക ചെലവഴിച്ചിട്ടുണ്ട്. രാഷ്ട്രീയരംഗത്തെ ഉന്നതർക്കുവേണ്ടി കള്ളപ്പണം കടത്തിയെന്ന സൂചനയെത്തുടർന്നു കമ്പനി നടത്തിയ വിദേശത്തെ ബാങ്ക് ഇടപാടുകളും ആദായനികുതി ഉദ്യോഗസ്ഥരുടെ പങ്കും അന്വേഷിക്കുന്നുണ്ട്.

നാലായിരം ഏക്കർ ഭൂമി, ഫാക്ടറി, യന്ത്രസാമഗ്രികൾ, സ്റ്റെർലിങ് ഗ്രൂപ്പുമായി ബന്ധപ്പെട്ട വിവിധ കമ്പനികളുടെ 200 ബാങ്ക് അക്കൗണ്ടുകൾ, ഓഹരികൾ, ആഡംബരക്കാറുകൾ, മുംബൈ ജൂഹുവിലെ ആഡംബര വസതികൾ, ഊട്ടിയിലെ ഫാക്ടറി തുടങ്ങിവയടക്കം 4700 കോടിയുടെ സ്വത്തുക്കൾ കണ്ടുകെട്ടിയിരുന്നു. കമ്പനി പണം നിക്ഷേപിച്ച നൈജീരിയയിലെ ഓയിൽ റിഗ്ഗുകൾ, ബാർജുകൾ എന്നിവ കണ്ടുകെട്ടുന്നതിനായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നൈജീരിയൻ സർക്കാരിന്റെ സഹായം ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും ഇതുവരെ നടപടികൾ എങ്ങുമെത്തിയിട്ടില്ല.

Nitin Jayantilal SandesaraSterling Biotech group
Comments (0)
Add Comment