യുവേഫ ചാമ്പ്യൻസ് ലീഗ് പ്രീക്വാർട്ടറിൽ അത് ലറ്റിക്കോ മാഡ്രിഡിനെതിരായ മത്സരത്തിനിടെ അതിരുവിട്ട ഗോളാഘോഷം നടത്തിയ യുവൻറസ് സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കു പിഴ. 20,000 യൂറോയാണ് പിഴ. അത്ലറ്റിക്കോ മാഡ്രിഡ് കോച്ച് ഡിയേഗോ സിമിയോണിയെ അനുകരിച്ച് മോശം ആംഗ്യം കാണിച്ചതാണ് വിവാദമായത്.
കഴിഞ്ഞയാഴ്ച അത്ലറ്റിക്കോ മാഡ്രിഡിനെതിരേ രണ്ടാം പാദ പ്രീക്വാർട്ടറിലായിരുന്നു റൊണാൾഡോയുടെ അതിരുവിട്ട ആഘോഷം. രണ്ടാം പാദത്തിൽ റൊ ണാൾഡോയുടെ ഹാട്രിക്ക് മികവിൽ മറുപടിയില്ലാത്ത മൂന്നു ഗോളുകൾക്കാണ് യുവൻറസ് ജയിച്ചത്. ഇതോടെ ആഗ്രിഗേറ്റ് സ്കോറിൽ യുവെ ക്വാർട്ടറിൽ കടന്നു. ആദ്യ പാദത്തിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് യുവൻറസ് തോറ്റിരുന്നു. ഹാട്രിക്ക് തികച്ച ശേഷം സൈഡ്ലൈനിനടുത്തുവച്ച് കാണികൾക്കു നേരെ റൊ ണാൾഡോ മോശം ആംഗ്യം കാണിക്കുകയായിരുന്നു.
നേരത്തെ ആദ്യ പാദത്തിൽ യുവൻറസിനെ തോൽപിച്ചശേഷം അത്ലറ്റിക്കോ മാഡ്രിഡ് കോച്ച് ഡിയേഗോ സിമിയോണി കാണികളെ നോക്കി സമാനമായ ആംഗ്യം കാണിച്ചിരുന്നു. ഇതിന് മറുപടിയായാണ് റൊണാൾഡോ പ്രതികരിച്ചത്. സിമിയോണിക്കെതിരേ ഇതിൻറെ പേരിൽ യുവേഫ നടപടിയെടുത്തിരുന്നു. 17,000 പൗണ്ട് പിഴശിക്ഷയാണ് സിമിയോണിക്ക് യുവേഫ വിധിച്ചത്.