‘സാമൂഹിക വിവേചനത്തിനും അനീതിക്കും എതിരായ എന്‍റെ പോരാട്ടത്തിന്‍റെ പ്രതീകം’; ഭാരത് ജോഡോ യാത്രയില്‍ രാഹുല്‍ ഗാന്ധിക്കൊപ്പം രോഹിത് വെമുലയുടെ അമ്മ

 

ഹൈദരാബാദ്/തെലങ്കാന: രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയ്ക്കൊപ്പം അണിചേർന്ന് ജാതി വിവേചനത്തിന്‍റെ ബലിയാടായി ജീവിതം അവസാനിപ്പിക്കേണ്ടിവന്ന രോഹിത് വെമുലയുടെ മാതാവ്. തെലങ്കാനയില്‍ പര്യടനം തുടരുന്ന യാത്രയ്ക്കിടെയാണ് രോഹിത് വെമുലയുടെ അമ്മ രാഹുല്‍ ഗാന്ധിയെ കണ്ടത്.

“സാമൂഹിക വിവേചനത്തിനും അനീതിക്കുമെതിരായ എന്‍റെ പോരാട്ടത്തിന്‍റെ പ്രതീകമായ രോഹിത് വെമുല, എന്നും നിലനിൽക്കും. രോഹിതിന്‍റെ അമ്മയെ കണ്ടുമുട്ടിയപ്പോൾ,  ലക്ഷ്യത്തിലേക്ക് നീങ്ങുന്ന യാത്രയുടെചുവടുകൾക്ക് പുതിയ ധൈര്യം ലഭിച്ചു, മനസിന് പുതിയ ശക്തി ലഭിച്ചു” – രോഹിത് വെമുലയുടെ അമ്മയ്ക്കൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ച് രാഹുല്‍ ഗാന്ധി കുറിച്ചു.

ഹൈദരാബാദ് സെൻട്രൽ യൂനിവേഴ്സിറ്റിയിലെ ദളിത് വിവേചനത്തിൽ പ്രതിഷേധിച്ചും മനംനൊന്തുമാണ് ഗവേഷകവിദ്യാർത്ഥിയായിരുന്ന രോഹിത് വെമുല ആത്മഹത്യ ചെയ്തത്. 2016 ജനുവരി 17നാണ് ഹോസ്റ്റൽ മുറിയിൽ രോഹിത് ജീവനൊടുക്കിയത്. രോഹിത് അടക്കമുള്ള അഞ്ച് വിദ്യാർഥികളുടെ സസ്‍പെൻഷനെതിരായ രാപ്പകൽ സമരത്തിനൊടുവിലായിരുന്നു രോഹിതിന്‍റെ ആത്മഹത്യ. തുടർന്ന് സർവകലാശാലയിലും രാജ്യമെമ്പാടും പ്രതിഷേധം ആളിക്കത്തി.  യൂണിവേഴ്സിറ്റിയിൽ എബിവിപി നേതാവ് സുശീൽ കുമാറിനെ മർദ്ദിച്ചു എന്നാരോപിച്ചാണ് രോഹിത് വെമുല അടക്കം അഞ്ചുപേരെ യൂണിവേഴ്സിറ്റി സസ്‍പെൻഡ് ചെയ്തത്. കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിന്‍റെയും കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെയും സമ്മർദ്ദത്തിന്‍റെ ഫലമായിരുന്നു പുറത്താക്കൽ. തുടർന്ന് 12 ദിവസം നീണ്ടുനിന്ന ​രാപ്പകൽ സമരത്തിനൊടുവിലായിരുന്നു രോഹിത് വെമുല ജീവനൊടുക്കിയത്. രോഹിത് വെമുലയുടെ അഞ്ച് പേജുള്ള ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തിരുന്നു.

‘കാൾ സാഗനെപോലെ ശാസ്ത്രത്തെക്കുറിച്ച് എഴുതാനായിരുന്നു ഞാൻ സ്വപ്നം കണ്ടത്. എന്നാൽ ഈ കത്ത് മാത്രമാണ് എനിക്ക് എഴുതാനായത്’ എന്ന് പറഞ്ഞായിരുന്നു വെമുലയുടെ ആത്മഹത്യാക്കുറിപ്പിന്‍റെ തുടക്കം. ലോകത്തെ മനസിലാക്കുന്നതിൽ ഞാനൊരു തികഞ്ഞ പരാജയമായിരുന്നിരിക്കാം. സ്നേഹം, ​വേദന, ജീവിതം, മരണം… എല്ലാം തെറ്റായി മനസിലാക്കിയതാകാം. ഒരാവശ്യവുമില്ലാത്ത തിടുക്കം ജീവിതത്തിൽ എനിക്കൊപ്പമുണ്ടായിരുന്നു. ജീവിതം ആരംഭിക്കാനുള്ളതായിരുന്നു ആ തിടുക്കം. മനുഷ്യരിൽ ചിലർക്ക് ജീവിതം തന്നെയാണ് ശാപം. എന്‍റെ ജനനം തന്നെ കൊടും തെറ്റായിരുന്നു’ -രോഹിത് വെമുലയുടെ കത്തിൽ പറയുന്നു.

‘ദളിത് വ്യക്തിത്വത്തിനെതിരായ വിവേചനവും അനാദരവുമാണ് രോഹിത് വെമുല കൊല്ലപ്പെടാൻ കാരണം. വർഷങ്ങൾ പിന്നിടുമ്പോഴും അവൻ ചെറുത്തുനിൽപ്പിന്‍റെ പ്രതീകമായും അമ്മ പ്രതീക്ഷയുടെ പ്രതീകമായും നിലകൊള്ളുന്നു. അവസാനം വരെ പോരാടിയ രോഹിത്, നീ ആണെന്‍റെ ഹീറോ. അനീതിക്ക് ഇരയായ സഹോദരൻ’ – രോഹിതിന്‍റെ ഓർമ്മദിനത്തില്‍ രാഹുൽ ഗാന്ധി ട്വിറ്ററിൽ ഇങ്ങനെ കുറിച്ചു.

 

 

 

Comments (0)
Add Comment