റിഷി കുമാര്‍ ശുക്ല പുതിയ സി.ബി.ഐ മേധാവി

Jaihind Webdesk
Saturday, February 2, 2019

റിഷി കുമാര്‍ ശുക്ലയെ സി.ബി.ഐയുടെ പുതിയ ഡയറക്ടറായി നിയമിച്ചു. മധ്യപ്രദേശ് കേഡറിലെ ഐ.പി.എസ് ഉദ്യോഗസ്ഥനാണ് റിഷികുമാര്‍ ശുക്ല. പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള പാനലാണ് ശുക്ലയെ സി.ബി.ഐ ഡയറക്ടറായി തെരഞ്ഞെടുത്തത്.

1983 ബാച്ചിലെ ഐ.പി.എസ് ഓഫീസറാണ് ശുക്ല. മധ്യപ്രദേശ് മുന്‍ ഡി.ജി.പി ആയി സേവനം അനുഷ്ഠിച്ചിരുന്നു. രണ്ട് വര്‍ഷത്തേക്കാണ് സി.ബി.ഐ ഡയറക്ടറായി ശുക്ലയുടെ കാലാവധി. ഇടക്കാല ഡയറക്ടര്‍ എന്ന കേന്ദ്രത്തിന്‍റെ നീക്കത്തെ സുപ്രീം കോടതി രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചിരുന്നു. ഏജന്‍സിയുടെ തലപ്പത്ത് ആളുണ്ടാകേണ്ടത് വളരെ പ്രാധാന്യമര്‍ഹിക്കുന്ന കാര്യമാണെന്നും ഇടക്കാല സംവിധാനമല്ല വേണ്ടത്, സ്ഥിരം ഡയറക്ടറെ എത്രയും  പെട്ടെന്ന് നിയമിക്കണമെന്നും സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നു.

1984 ബാച്ചിലെ മുതിർന്ന ഐ.പി.എസ് ഉദ്യോഗസ്ഥരായ ജാവേദ് അഹമ്മദ്, രജനികാന്ത് മിശ്ര, എസ്.എസ് ദേശ്‍വാൾ, റോ സ്പെഷ്യൽ സെക്രട്ടറി വിവേക് ജോഹ്‍രി എന്നിവരായിരുന്നു സി.ബി.ഐ ഡയറക്ടര്‍ സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടിരുന്ന മറ്റ് പേരുകള്‍.

സി.ബി.ഐ മുന്‍ ഡയറക്ടര്‍ അലോക് വര്‍മയും സ്പെഷ്യല്‍ ഡയറക്ടര്‍ രാജേഷ് അസ്താനയും തമ്മില്‍ പരസ്പരം ഉയര്‍ത്തിയ അഴിമതി ആരോപണങ്ങളെ തുടര്‍ന്ന് ഇരുവരുടെയും സ്ഥാനം നഷ്ടമാകുന്ന സാഹചര്യങ്ങളാണ് ഉണ്ടായത്. പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ട് അര്‍ധരാത്രിയില്‍ സി.ബി.ഐ ഡയറക്ടര്‍ സ്ഥാനത്തുനിന്ന് അലോക് വര്‍മയെ നീക്കുകയും രാകേഷ് അസ്താനയെ ഡയറക്ടറായി നിയമിക്കുകയും ചെയ്തത് വന്‍ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. തുടര്‍ന്ന് സുപ്രീം കോടതിയുടെ അനുകൂല വിധിയോടെ അലോക് വര്‍മ തിരിച്ചെത്തിയെങ്കിലും ഒരു ദിവസം പൂര്‍ത്തിയാക്കും മുമ്പുതന്നെ പ്രധാനമന്ത്രി നേതൃത്വം നല്‍കുന്ന സെലക്ഷന്‍ കമ്മിറ്റി ഇടപെട്ട് വര്‍മയെ വീണ്ടും പടിയിറക്കി. സെലക്ഷന്‍ കമ്മിറ്റിയില്‍ അംഗമായിരുന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഈ നടപടിയെ എതിര്‍ത്തെങ്കിലും പുറത്താക്കല്‍ തീരുമാനവുമായി കമ്മിറ്റി മുന്നോട്ടു പോവുകയായിരുന്നു.

സി.ബി.ഐയുടെ യശസിനെ തന്നെ ചോദ്യം ചെയ്യുന്ന അസാധാരണ സംഭവ വികാസങ്ങളായിരുന്നുഏതാനും മാസങ്ങളായി അരങ്ങേറിയത്. കഴിഞ്ഞ മാസം ജനുവരി 10 മുതല്‍ സി.ബി.ഐ ഡയറക്ടര്‍ സ്ഥാനം ഒഴിഞ്ഞുകിടക്കുകയായിരുന്നു.