കണ്ണൂര്‍ : കെ റെയിലിനെതിരായ പ്രതിഷേധം ഇല്ലാതാക്കാനുള്ള ക്വട്ടേഷൻ ഡിവൈഎഫ്ഐ ഏറ്റെടുത്തതായി യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്‍റ് റിജിൽ മാക്കുറ്റി. കണ്ണൂരിലെ പോലീസ് എംവി ജയരാജന്‍റെ വിനീതദാസൻമാരായി മാറി. മാധ്യമ പ്രവർത്തകരെ അക്രമിച്ചിട്ടും പത്രപ്രവർത്തക യൂണിയൻ പ്രതികരിക്കാത്തതിൽ ദുഃഖമുണ്ട്. പത്രപ്രവർത്തക യൂണിയൻ സിപിഎമ്മിന്‍റെ പിണിയാളുകളായി മാറിയെന്നും റിജിൽ മാക്കുറ്റി കണ്ണൂരിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
പോലീസിന് ശമ്പളം കൊടുക്കുന്നത് എകെജി സെന്‍ററിൽ നിന്നല്ല. പോലീസിന്‍റെ സംരക്ഷണം യൂത്ത് കോൺഗ്രസിന് വേണ്ട. സിപിഎമ്മിന്‍റെ ജില്ലാ സെക്രട്ടറി പറയുന്നത് പോലെ പോലീസ് പ്രവർത്തിക്കുന്നു. പൊലീസിന്‍റെ ജോലി ഡിവൈഎഫ്ഐ ഏറ്റെടുത്തു. യൂത്ത് കോൺഗ്രസ് പ്രവർത്തകരെ അക്രമിച്ച സിപിഎമ്മുകാരായ അക്രമികളെ അറസ്റ്റ് ചെയ്യണമെന്ന് റിജില്‍ മാക്കുറ്റി ആവശ്യപ്പെട്ടു. കെ റെയിലിന് എതിരായ പ്രതിഷേധം ഇല്ലാതാക്കാനുള്ള ക്വട്ടേഷൻ ഡിവൈഎഫ്ഐ ഏറ്റെടുത്തതായും അദ്ദേഹം പറഞ്ഞു.
അക്രമം കാണിച്ചാലും തല്ലി ഓടിച്ചാലും കെ റെയിലിനെതിരായ സമരം തുടരുമെന്ന് റിജില്‍ മാക്കുറ്റി വ്യക്തമാക്കി. പെട്ടെന്നുള്ള പ്രതിഷേധം എന്ന നിലയിലാണ് സമരം നടത്തിയത്. സമരം നടത്തുന്നവരെ വ്യക്തിഹത്യ നടത്തുന്നു. മാധ്യമ പ്രവർത്തകരെ അക്രമിച്ചിട്ടും പത്രപ്രവർത്തക യൂണിയൻ പ്രതികരിക്കാത്തതിൽ ദുഃഖമുണ്ടെന്നും പത്രപ്രവർത്തക യൂണിയൻ സിപിഎമ്മിന്‍റെ പിണിയാളുകളായി മാറിയതായും റിജിൽ മാക്കുറ്റി കുറ്റപ്പെടുത്തി. അക്രമികൾക്കെതിരെ നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്ന് റിജിൽ മാക്കുറ്റി വ്യക്തമാക്കി. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്‍റ് സുധീപ് ജെയിംസും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.