മോദിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയതില്‍ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ അഭിപ്രായഭിന്നത

Jaihind Webdesk
Friday, May 3, 2019

തെരഞ്ഞെടുപ്പ് ചട്ടലംഘനവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയത് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ ഏകകണ്ഠേനയുള്ള തീരുമാനമായിരുന്നില്ലെന്ന് റിപ്പോര്‍ട്ട്. ഭൂരിപക്ഷം നോക്കുക എന്ന അപൂര്‍വ നടപടിക്രമമായിരുന്നു ഇക്കാര്യത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ സ്വീകരിച്ചത്. ഇത്തരത്തിലാണ് പ്രധാനമന്ത്രിക്കെതിരായ രണ്ട് പരാതികളില്‍ കമ്മീഷന്‍ ക്ലീന്‍ ചിറ്റ് നല്‍കിയത്.

സൈന്യത്തെ ഉപയോഗിച്ച് വോട്ട് തേടിയെന്ന പരാതിയിലും രാഹുല്‍ ഗാന്ധിയുടെ വയനാട് സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ നടത്തിയ പരാമര്‍ശത്തിലും തെരഞ്ഞെടുപ്പ് കമ്മീഷനില്‍ അഭിപ്രായ ഭിന്നത നിലനിന്നിരുന്നെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഇതിനെ തുടര്‍ന്നാണ് ഭൂരിപക്ഷ തീരുമാനം എന്ന അപൂര്‍വമായ നടപടിക്രമത്തിലൂടെ പ്രധാനമന്ത്രിക്ക് അനുകൂലമായി കമ്മീഷന്‍ നിലപാടെടുത്തത്. മൂന്നംഗ കമ്മീഷനാണ് ചട്ടലംഘനം സംബന്ധിച്ച പരാതികള്‍ പരിഗണിച്ചത്. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറ, തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായ അശോക് ലവാസ, സുഷീല്‍ ചന്ദ്ര എന്നിവരാണ് കമ്മീഷനിലെ അംഗങ്ങള്‍.

തീരുമാനങ്ങള്‍ കഴിവതും ഏകകണ്ഠമായിരിക്കണമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ ചട്ടം പത്തില്‍ അനുശാസിക്കുന്നത്. കമ്മീഷന്‍ ശുപാര്‍ശകള്‍ രാഷ്ട്രപതിയുടെ തീരുമാനത്തിനായി സമര്‍പ്പിക്കാം എന്ന നടപടിക്രമവും ആവശ്യമെങ്കില്‍ സ്വീകരിക്കാം. ഭിന്നത ശക്തമാണെങ്കില്‍ മാത്രം ഭൂരിപക്ഷത്തിന്‍റെ അടിസ്ഥാനത്തില്‍ തീരുമാനമെടുക്കാം. ഇത് അപൂര്‍വമായി മാത്രം സ്വീകരിക്കുന്ന നടപടിക്രമമാണ്.

പല കാര്യങ്ങളിലും തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ തീരുമാനങ്ങള്‍ ഭരണകക്ഷിയായ ബി.ജെ.പിക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും അനുകൂലമാണ്. ഭരണഘടനാ സ്ഥാപനങ്ങളെ പോലും തനിക്കും പാര്‍ട്ടിക്കും വേണ്ടി മോദി ഉപയോഗപ്പെടുത്തുന്നു എന്നതിന്‍റെ ഏറ്റവും വലിയ ഉദാഹരണങ്ങളാണ് കാണാനാകുന്നതെന്ന് വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്.