സാലറി ചലഞ്ച്: സഹകരിക്കാത്തവര്‍ക്കെതിരെ പ്രതികാര നടപടി തുടരുന്നു

Jaihind Webdesk
Friday, November 2, 2018

ഇടുക്കി: സാലറി ചലഞ്ചില്‍ ആരെയും നിര്‍ബന്ധിക്കേണ്ടതില്ല എന്ന സുപ്രീം കോടതി നിര്‍ദേശം നിലനില്‍ക്കുമ്പോഴും സഹകരിക്കാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ പ്രതികാരനടപടികള്‍ തുടരുകയാണ്.

ഇടുക്കി ജില്ലയില്‍ സംസ്ഥാന സർക്കാരിന്‍റെ സാലറി ചലഞ്ചില്‍ പങ്കെടുക്കാതിരുന്നത് 2,000 ഉദ്യോഗസ്ഥരെന്ന് കണക്കുകള്‍. സാലറി ചലഞ്ചിൽ പങ്കെടുത്തവരുടെയും നിരസിച്ചവരുടെയും കണക്ക് റവന്യൂ വകുപ്പ് ശേഖരിക്കാൻ തുടങ്ങി.

ജില്ലയിൽ ആകെ 8,400 സർക്കാർ ജീവനക്കാരാണുള്ളത്. സാലറി ചലഞ്ചിൽ പങ്കെടുത്തവരുടെയും സഹകരിക്കാത്തവരുടെയും ഔദ്യോഗിക കണക്കുകൾ റവന്യൂ വകുപ്പ് തയാറാക്കിവരികയാണ്. ജില്ലയിലെ 1059 റവന്യൂ ഉദ്യോഗസ്ഥരിൽ 785 പേരാണ് സാലറി ചലഞ്ചില്‍ പങ്കെടുത്തത്. 2,500 ലധികം പോലീസുകാരിൽ 52 പേരാണ് സാലറി ചലഞ്ചിൽ നിന്ന് വിവിധ കാരണങ്ങളാൽ വിട്ടുനിന്നത്. വനം വകുപ്പ്, എക്‌സൈസ്, മറ്റ് സർക്കാർ ഉദ്യോഗസ്ഥർ എന്നിവരുടെ കണക്കുകൾ റവന്യൂ വിഭാഗം തയാറാക്കി വരികയാണ്.

സാലറി ചലഞ്ചിൽ പങ്കെടുക്കാത്ത ഉദ്യോഗസ്ഥർക്കെതിരെ ചില വകുപ്പുകള്‍ സ്ഥലംമാറ്റം അടക്കമുള്ള പ്രതികാര നടപടികളും സ്വീകരിക്കുന്നുണ്ട്. ജില്ലാ എക്‌സൈസിൽ 60 പേർ മാത്രമാണ് സാലറി ചലഞ്ചിൽ നിന്നും വിട്ടുനിന്നത്. കുടുംബ പശ്ചാത്തലങ്ങളും ബജറ്റ് താളം തെറ്റുമെന്ന ഭയവും പ്രളയക്കെടുതിയെ തുടർന്നുണ്ടായ നാശ നഷ്ടവുമൊക്കെയാണ് ചില ജീവനക്കാർ വിട്ടുനിൽക്കാൻ കാരണമെന്ന് ഉദ്യോഗസ്ഥർ പറയുന്നു.

സാലറി ചലഞ്ചില്‍ സഹകരിക്കാത്തവര്‍ വിസമ്മതപത്രം നല്‍കണമെന്ന സംസ്ഥാന സര്‍ക്കാര്‍ നിലപാടിന് സുപ്രീം കോടതിയിലും തിരിച്ചടിയേറ്റിരുന്നു. പണം നൽകാൻ കഴിയാത്ത ഉദ്യോഗസ്ഥർ വിസമ്മതപത്രം നൽകണമെന്ന സർക്കാർ ഉത്തരവ് റദ്ദാക്കിയ ഹൈക്കോടതി നടപടി സുപ്രീം കോടതിയും ശരിവെക്കുകയായിരുന്നു. നല്‍കുന്ന പണം ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് തന്നെ ഉപയോഗിക്കുമെന്ന വിശ്വാസം ഉണ്ടാക്കാനുള്ള നടപടിയാണ് സര്‍ക്കാര്‍ സ്വീകരിക്കേണ്ടതെന്ന് സുപ്രീം കോടതി പറഞ്ഞു.  പണം നൽകാൻ കഴിയാത്തവർ അപമാനിതരാകേണ്ട കാര്യമില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു.

അതേസമയം സാലറി ചലഞ്ചിൽ പങ്കെടുക്കാത്ത പോലീസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റുന്ന പ്രതികാര നടപടി ജില്ലാ പോലീസിൽ തുടരുകയാണ്.