മനു തോമസിന്‍റെ വെളിപ്പെടുത്തൽ; ഷുഹൈബ് വധക്കേസിൽ സിപിഎം നേതാവ് പി. ജയരാജന്‍റെ പങ്ക് അന്വേഷിക്കണമെന്ന് യൂത്ത് കോൺഗ്രസ്‌

 

കണ്ണൂര്‍: ഷുഹൈബ് വധക്കേസിൽ സിപിഎം നേതാവ് പി. ജയരാജന്‍റെ പങ്ക് അന്വേഷിക്കണമെന്ന് യൂത്ത് കോൺഗ്രസ്‌. സിപിഐഎം വിട്ട മുൻ ഡിവൈഎഫ്ഐ ജില്ലാ നേതാവ് മനു തോമസിന്‍റെ വെളിപ്പെടുത്തലിന്‍റെ പശ്ചാത്തലത്തിൽ കേസിൽ കൂടുതൽ അന്വേഷണം വേണമെന്ന് യൂത്ത് കോൺഗ്രസ്‌ കണ്ണൂർ ജില്ല പ്രസിഡന്‍റ് വിജിൽ മോഹനൻ.

ഓഞ്ചിയത്തെയും എടയന്നൂരിലേയും കൊലപാതകങ്ങൾ പാർട്ടി സ്പോൺസേർഡ് ആണെന്നും, കൂടുതൽ പറയിപ്പിക്കരുതെന്നും, എടയന്നൂരിലേയും, ഓഞ്ചിയത്തെയും വിപ്ലവമല്ല, വൈകൃതമായിരുന്നു എന്ന് മുൻ ഡിവൈഎഫ് നേതാവ് മനു തോമസിന്‍റെ ഫേസ്ബുക്ക്‌ പോസ്റ്റിൽ വ്യക്തമാക്കിയിരുന്നു. ആകാശ് തില്ലങ്കേരിയുടെ ഭീഷണിയ്ക്ക് മറുപടിയായിട്ടായിരുന്നു മനു തോമസിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്.

ആകാശ് തില്ലങ്കേരിയും, പി. ജയരാജനും തമ്മിലുള്ള ബന്ധം ഉൾപ്പടെയുള്ള കാര്യങ്ങൾ മനു തോമസ് ഫേസ്ബുക്ക് പോസ്റ്റിൽ പരാമർശിക്കുന്നുണ്ട്. ഈയൊരു സാഹചര്യത്തിലാണ് ഷുഹൈബ് വധക്കേസിൽ മനു തോമസിന്‍റെ വെളിപ്പെടുത്തലിന്‍റെ പശ്ചാത്തലത്തിൽ കൂടുതൽ അന്വേഷണം വേണമെന്ന് യൂത്ത് കോൺഗ്രസ് ആവശ്യപ്പെടുന്നത്. ഷുഹൈബ്  കൊലപാതകത്തില്‍ പി. ജയരാജന്‍റെ പങ്ക് അന്വേഷിക്കണമെന്ന് യൂത്ത് കോൺഗ്രസ്‌ ജില്ലാ പ്രസിഡന്‍റ് വിജിൽ മോഹനൻ ആവശ്യപ്പെട്ടു.

അതേസമയം യുവജന കമ്മീഷൻ ചെയർമാൻ എം. ഷാജറിനെതിരെ ഉയർന്ന ആരോപണങ്ങൾ അതീവ ഗുരുതരമാണ്. സ്വർണ്ണക്കടത്ത് ക്വട്ടേഷൻ സംഘങ്ങൾക്ക് ഒത്താശ ചെയ്ത കമ്മീഷൻ അടിക്കുന്ന ചെയർമാനായി യുവജന കമ്മീഷൻ ചെയർമാൻ മാറിയിരിക്കുന്നു. ഷാജറിന്‍റെ പങ്കിൽ അന്വേഷണം നടത്തി വസ്തുതകൾ പുറത്തു കൊണ്ടുവരണമെന്നും യൂത്ത് കോൺഗ്രസ് ആവശ്യപ്പെട്ടു.

Comments (0)
Add Comment