പ്രവാസികളുടെ മടക്കയാത്ര : റമസാന്‍ നോമ്പിന് നാട്ടിലെത്താന്‍ ആയിരങ്ങള്‍; ആദ്യഘട്ടത്തില്‍ ആര്‍ക്കെല്ലാം പറക്കാം ? ഗള്‍ഫ് മലയാളികളില്‍ ചര്‍ച്ചകള്‍ സജീവം | VIDEO

Elvis Chummar
Thursday, April 16, 2020

ദുബായ് : ഗള്‍ഫ് രാജ്യങ്ങളില്‍ കുടുങ്ങിപ്പോയ ഇന്ത്യക്കാരെ,  നാട്ടിലെത്തിക്കാന്‍, കേന്ദ്ര സര്‍ക്കാര്‍ ആലോചനകള്‍ തുടങ്ങിയതോടെ,  പ്രവാസികളില്‍ മടക്കയാത്ര, വീണ്ടും സജീവ ചര്‍ച്ചയാകുന്നു. പ്രവാസികളില്‍ ഏറ്റവും കൂടുതല്‍ രോഗം ബാധിച്ച യുഎഇ, സൗദി,  എന്നിവിടങ്ങളിലെ ഇന്ത്യക്കാര്‍ക്കാണ്  പ്രഥമ പരിഗണന ലഭിക്കുകയെന്ന് അറിയുന്നു. അതേസമയം, ടിക്കറ്റ് നിരക്കില്‍ ഇളവ് ലഭിക്കാന്‍, പ്രത്യേക വിമാനം വേണമെന്ന ആവശ്യവും ഉയരുകയാണ്.

വലിയ വിവാദങ്ങള്‍ക്ക് ശേഷം, പ്രവാസികളുടെ മടക്കയാത്രയ്ക്ക് കളം ഒരുങ്ങുകയാണ്. ഇതോടെ, ഗള്‍ഫ് മലയാളികള്‍ക്ക് ഇടയില്‍, നാട്ടിലേക്ക് മടങ്ങാനുള്ളവരുടെ ഒരുക്കങ്ങള്‍ തുടങ്ങി. അതേസമയം,  പ്രവാസികളുടെ മടക്കയാത്ര, കേന്ദ്രസര്‍ക്കാരിനും, സംസ്ഥാന സര്‍ക്കാരുകള്‍ക്കും, കീറാമുട്ടി ആകാതിരിക്കാന്‍, ജാഗ്രത അനിവാര്യമാണ്. ഇതുസംബന്ധിച്ച നിരവധി ചോദ്യങ്ങളാണ്, ഗള്‍ഫില്‍ ഉയരുന്നത്. ഒന്ന്, പ്രവാസികള്‍ക്കായി, പ്രത്യേക വിമാനം ഉണ്ടാകുമോ. ഇതിന്റെ ടിക്കറ്റ് നിരക്കില്‍ , മറ്റു രാജ്യങ്ങള്‍ നല്‍കിയതു പോലെ, ഇളവുകള്‍ ലഭിക്കുമോ.  ഗള്‍ഫിലെ ഷെഡ്യൂള്‍ഡ് വിമാനക്കമ്പനികളെ മാത്രം, ആശ്രയിച്ചാല്‍, ടിക്കറ്റ് നിരക്കില്‍, ഭീമമായ സംഖ്യ നല്‍കേണ്ടി വരും. നിലവില്‍, കൊവിഡ് മൂലം, സാമ്പത്തികതളര്‍ച്ച നേരിടുന്ന പ്രവാസികള്‍ക്ക് , ഇത് മറ്റൊരു തിരിച്ചടിയാകും. അതിനാല്‍, ഇന്ത്യയില്‍ നിന്ന് പ്രത്യേക വിമാനങ്ങള്‍ അയച്ച് , പ്രവാസികളെ തിരിച്ച് എത്തിക്കണമെന്നും ആവശ്യം ശക്തമാണ്.

യുഎഇയിലെ പ്രവാസികളെ ആയിരിക്കും ആദ്യം നാട്ടിലെത്തിക്കുക എന്നും സൂചനകളുണ്ട്. ഇതിനായി, യാത്രക്കാരുടെ മുന്‍ഗണനാ പട്ടിക, തയ്യാറാക്കാനുള്ള ഉത്തരവാദിത്വം ആര്‍ക്കാണ്. ഇതില്‍ മലയാളികളുടെ യാത്രാ ആര് ഉറപ്പാക്കും. ഇതിനായി സംഘടനകളെ ബന്ധപ്പെട്ടാല്‍ പരിഹാരം ആകുമോ. കപ്പല്‍ യാത്രാ സംവിധാനങ്ങളും പ്രതീക്ഷിക്കാമോ. ഇങ്ങിനെ, നിരവധി ചോദ്യങ്ങളും സംശയങ്ങളും ഗള്‍ഫ് മലയാളികളില്‍ ഉയരുകയാണ്. ഇതിനിടെ, നാട്ടില്‍ വന്നിറങ്ങുന്ന പ്രവാസികളെ മാറ്റി പാര്‍പ്പിക്കാന്‍, ഓരോ സംസ്ഥാനത്തും, മുന്നൊരുക്കങ്ങള്‍ നടത്തേണ്ടതുണ്ട്. ഇതിനായി നാട്ടില്‍ കൂടുതല്‍ ക്വാറന്റൈന്‍ കേന്ദ്രങ്ങള്‍ ആരംഭിക്കണം. അടുത്ത വാരത്തോടെ, ഇത്തരം യാത്രകള്‍, തുടങ്ങുമെന്നാണ് സൂചനകള്‍. എങ്കിലും ഇതുസംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. അതേസമയം, ഗള്‍ഫില്‍ സ്‌കൂള്‍ അവധിയും, റമസാന്‍ നോമ്പും ആരംഭിക്കാന്‍ പോകുകയാണ്. അതിനാല്‍, രോഗികള്‍, ഗര്‍ഭിണികള്‍, വീസാ കാലാവധി കഴിഞ്ഞവര്‍ എന്നിവരെ കൂടാതെ, നൂറുകണക്കിന് പ്രവാസി കുടുംബങ്ങളുടെ, വലിയൊരു മടക്കയാത്രയും ഈ ഘട്ടത്തില്‍ പ്രതീക്ഷിക്കുന്നുണ്ട്.