വിരമിച്ച ഫാക്ട് ജീവനക്കാരുടെ തടഞ്ഞുവെച്ച ശമ്പളക്കുടിശിക വിതരണം ചെയ്യണം : ബെന്നി ബഹനാൻ എം.പി

Jaihind Webdesk
Monday, July 26, 2021

 

ന്യൂഡല്‍ഹി : വിരമിച്ച ഫാക്ട് ജീവനക്കാരുടെ തടഞ്ഞുവെച്ച ശമ്പളക്കുടിശിക വിതരണം ചെയ്യണമെന്ന് ബെന്നി ബഹനാൻ എം.പി. ഇക്കാര്യം ആവശ്യപ്പെട്ട് കേന്ദ്ര വളം രാസവസ്തു വകുപ്പ് മന്ത്രി മൻസൂഖ് മാണ്ഡവ്യയ, സഹമന്ത്രി ഭഗവന്ത് ഗുബ തുടങ്ങിയവരെ കണ്ടു. എം.പിമാരായ ആന്‍റോ ആന്‍റണി, ഹൈബി ഈഡൻ, വി.കെ ശ്രീകണ്ഠൻ തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു. വിഷയം അതീവ പ്രാധാന്യത്തോടെ കാണുമെന്നും അടിയന്തര നടപടികൾ കൈക്കൊള്ളുമെന്നും മന്ത്രിമാർ എം.പിമാരെ അറിയിച്ചു.

കഴിഞ്ഞ മൂന്നു വർഷ കാലമായി ലാഭത്തിൽ പ്രവർത്തിക്കുന്ന ഫാക്ട് ഈ സാമ്പത്തിക വർഷം 352 കോടിയോളം രൂപ ലാഭം നേടിയ സാഹചര്യം ഉണ്ടായിട്ടും വർഷങ്ങൾക്കു മുമ്പ് വിരമിച്ച ജീവനക്കാർക്ക് അർഹമായ ശമ്പളക്കുടിശിക വിതരണം ചെയ്യാതിരുന്ന സാഹചര്യത്തിലാണ് എം.പി വകുപ്പ് മന്ത്രിയെ ഡൽഹിയിലെ ഓഫീസിൽ നേരിൽക്കണ്ട് ഇക്കാര്യം ആവശ്യപ്പെട്ടത്. തടഞ്ഞുവെച്ച ശമ്പളക്കുടിശിക വിതരണം ചെയ്യുന്നതുമായി ബന്ധപ്പെട്ട കേരള ഹൈക്കോടതി യുടെ അനുകൂല വിധിക്കെതിരെ കേന്ദ്ര മന്ത്രാലയം സുപ്രീം കോടതിയെ സമീപിച്ചതിനെത്തുടർന്ന് സ്റ്റേ അനുവദിക്കുകയായിരുന്നു എന്ന് മന്ത്രിയെ ബോധ്യപ്പെടുത്തിയതായി അദ്ദേഹം അറിയിച്ചു.

തുടർച്ചയായി മൂന്നു വർഷം കമ്പനി ലാഭം നേടുന്ന സാഹചര്യത്തിൽ ജീവനക്കാരുടെ ശമ്പളക്കുടിശിക വിതരണം ചെയ്യാമെന്ന് കമ്പനി അധികൃതർ തന്നെ കരാറിൽ സമ്മതിച്ചിട്ടുള്ളത്. ഇപ്പോൾ നടപ്പാക്കേണ്ടത് കമ്പനിയുടെ ബാധ്യതയാണെന്നും, ആ കരാർ ഫാക്ട് അധികൃതർ പാലിക്കേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. ഫാക്ടിൽ 1997 ൽ നടപ്പാക്കിയ ശമ്പളപരിഷ്കരണത്തിന്‍റെ കുടിശികയാണ് ജീവനക്കാർക്ക് ഇപ്പോളും വിതരണം ചെയ്യാതെ തടഞ്ഞുവെച്ചിട്ടുള്ളത്. വർഷങ്ങൾക്കു മുമ്പ് വിരമിച്ച ജീവനക്കാരിൽ പലർക്കും നാമമാത്രമായ പി.എഫ് പെൻഷൻ മാത്രമാണ് ഇപ്പോൾ ലഭിക്കുന്നത്. ഈ കാലയളവിൽ വിരമിച്ച ജീവനക്കാരിൽ ഏതാണ്ട് ആയിരത്തഞ്ഞൂറോളം പേർ പല ഘട്ടങ്ങളിൽ മരണപ്പെട്ടു പോയിട്ടുള്ളതാണ്. പ്രായാധിക്യം മൂലം വിവിധ രോഗങ്ങളാൽ വലയുന്ന ഇവരുടെ ശമ്പളക്കുടിശിഖ മാനുഷികമായ പരിഗണന നൽകി എത്രയും വേഗം വിതരണം ചെയ്യുവാൻ ഫാക്ടിന് നിർദ്ദേശം നൽകണമെന്ന് അദ്ദേഹം മന്ത്രിയോടാവശ്യപ്പെട്ടു. വിഷയത്തില്‍ അടിയന്തര നടപടി സ്വീകരിക്കുമെന്ന് മന്ത്രിമാര്‍ ഉറപ്പ് നല്‍കി.