അതിഥി തൊഴിലാളിയെ തല്ലുന്നത് ചോദ്യം ചെയ്തു; കണ്ണൂരില്‍ വിമുക്ത ഭടന് സിപിഎം പ്രവർത്തകരുടെ ക്രൂര മർദ്ദനം

കണ്ണൂരിൽ വിമുക്ത ഭടന് സിപിഎം പ്രവർത്തകരുടെ ക്രൂര മർദ്ദനം. കണ്ണൂർ തില്ലങ്കേരിയിലെ വിമുക്ത ഭടൻ എ പ്രശാന്ത് കുമാറിനെയാണ് സിപിഎം പ്രവർത്തകരടങ്ങിയ സംഘം മർദിച്ചത്. വീടിന് സമീപത്തെ അതിഥി തൊഴിലാളിയെ മർദിക്കുന്നത് ചോദ്യം ചെയ്തതിനായിരുന്നു അതിക്രമം.

ഈ മാസം 19 ന് രാത്രിയാണ് സംഭവം. തില്ലങ്കേരി സ്വദേശിയും വിമുക്തഭടനുമായ പ്രശാന്ത് കുമാറിനാണ് മർദ്ദനമേറ്റത്. അതിഥി തൊഴിലാളിയെ മർദ്ദിക്കുന്നത് ചോദ്യം ചെയ്തതിനാണ് ആക്രമിക്കപ്പെട്ടതെന്ന് അദ്ദേഹം പറഞ്ഞു. പ്രദേശത്ത് സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ അമ്മയുടെ ഫോൺ കാണാതായതാണ് സംഭവങ്ങളുടെ തുടക്കം. മോഷണക്കുറ്റത്തിൽ പ്രദേശത്തെ അതിഥി തൊഴിലാളികളിലൊരാളെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. എന്നാൽ മറ്റൊരു അതിഥി തൊഴിലാളി കൂടി പ്രതിയാണെന്ന് ആരോപിച്ച് സിപിഎം പ്രവർത്തകരുടെ സംഘം തൊഴിലാളിയെ കയ്യേറ്റം ചെയ്തു. തന്‍റെ വീടിന് മുന്നിൽ വെച്ച് അതിഥി തൊഴിലാളിയെ ആക്രമിക്കുന്നത് കണ്ട് പ്രശാന്ത് കുമാർ ഇത് ചോദ്യം ചെയ്യുകയായിരുന്നു. അപ്പോഴാണ് പ്രവർത്തകർ പ്രശാന്തിനെയും മർദ്ദിച്ചത്.

പ്രദേശത്തെ സിപിഎം പ്രവർത്തകരാണ് അക്രമിച്ചതെന്ന് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായതായി പ്രശാന്ത് പറഞ്ഞു. കണ്ണിന് ഗുരുതര പരിക്കേറ്റ പ്രശാന്ത് ആശുപത്രിയിൽ ചികിത്സ തേടി. സിപിഎം പ്രവർത്തകരാണ് തന്നെ മർദ്ദിച്ചതെന്നും പരാതി നൽകിയിട്ടും പൊലീസ് പ്രതികൾക്കെതിരെ നടപടി എടുത്തില്ലെന്നും ആക്ഷേപമുണ്ട്.  പ്രതികൾക്കിരെ നടപടി ആവശ്യപ്പെട്ട് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകുമെന്ന് പ്രശാന്ത് പറഞ്ഞു.

Comments (0)
Add Comment