റിസോര്‍ട്ട് ഇരട്ടക്കൊലപാതകം: വിവരങ്ങള്‍ പുറത്തുവിട്ട അഞ്ചുപൊലീസുകാരെ സസ്‌പെന്റ് ചെയ്തു

Jaihind Webdesk
Sunday, January 20, 2019

ഇടുക്കി: നടുപ്പാറ എസ്റ്റേറ്റ് കൊലപാതകക്കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ചോര്‍ന്ന സംഭവത്തില്‍ പ്രത്യേക അന്വേഷണ സംഘത്തിലെ അഞ്ചുപൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍. രണ്ട് എ.എസ്.ഐമാരുള്‍പ്പടെ അഞ്ച് പൊലീസുകാര്‍ക്കാണ് സസ്‌പെന്‍ഷന്‍ കിട്ടിയത്.

പ്രത്യേക അന്യേഷണ സംഘത്തിലെ എ.എസ്.ഐമാരായ ഉലഹന്നാന്‍, സജി എം.പോള്‍ , സിവില്‍ പൊലീസ് ഓഫീസര്‍ ഓമനക്കുട്ടന്‍, ഡ്രൈവര്‍മാരായ അനീഷ് , രമേഷ് എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. സംഭവത്തില്‍ രാജാക്കാട് എസ്.ഐ പി.ഡി. അനുമോനെതിരെ വകുപ്പുതല നടപടിക്കും ശുപാര്‍ശ ചെയ്തു.

ഇടുക്കി ജില്ലാ പൊലീസ് മേധാവി കെ.ബി. വേണുഗോപാലാണ് ഇവര്‍ക്കെതിരെ നടപടിയെടുത്തത്. പ്രതിയെ മധുരയില്‍വച്ച് പിടികൂടിയപ്പോള്‍ എടുത്ത ഫോട്ടോ ചോര്‍ന്നതില്‍ എസ്.പി അതൃപ്തി രേഖപ്പെടുത്തിയിരുന്നു. കൂട്ടായ പരിശ്രമം ചിലരുടെ മാത്രം പ്രവര്‍ത്തനമായി ചിത്രീകരിക്കപ്പെട്ടുവെന്നാണ് എസ്.പിയുടെ വിമര്‍ശനം. വിവരങ്ങള്‍ പുറത്തായതോടെ എസ്.പി വാര്‍ത്താസമ്മേളനം ഒഴിവാക്കിയിരുന്നു.