കെടി അദീബിന്‍റെ രാജിയോടെ അവസാനിക്കുന്നില്ല മന്ത്രി കെടി ജലീലിനെതിരായ വിവാദം

കെടി അദീബിന്‍റെ രാജിയോടെ അവസാനിക്കുന്നില്ല മന്ത്രി കെടി ജലീലിനെതിരായ ബന്ധുനിയമന വിവാദം. സ്വജനപക്ഷപാതം നടത്തിയ മന്ത്രി കെടി ജലീൽ രാജിവക്കുംവരെ പ്രക്ഷോഭമെന്നാണ് യൂത്ത്‌കോൺഗ്രസും, യൂത്ത് ലീഗും പ്രഖ്യാപിച്ചിരിക്കുന്നത്.

ഒക്ടോബർ 10നാണ് കെടി അദീബ് ന്യൂനപക്ഷ വികസന ധനകാര്യ കോർപറേഷൻ ജനറൽ മാനേജറായി ചുമതലയേറ്റെടുക്കുന്നത്. എന്നാൽ രണ്ട് വർഷം മുമ്പ് കോർപറേഷൻ നടത്തിയ ഇന്‍റർവ്യുവിൽ പോലും പങ്കെടുക്കാത്ത അദീബിനെ ഉന്നത പദവിയിലെത്തിച്ചത് മന്ത്രിയുടെ ബന്ധുത്വമാണ് എന്നതിൽ തർക്കമില്ല. അതിനായി ഇന്‍റർവ്യുവിൽ പങ്കെടുത്ത മറ്റുള്ളവർക്ക് യോഗ്യത കുറവാണെന്ന് ചൂണ്ടിക്കാട്ടിയും, അവരിൽ രണ്ട് പേരെ മേഖലാ കേന്ദ്രങ്ങളിൽ ഡെപ്യൂട്ടി ജനറൽ മാനേജർമാരാക്കിയും മന്ത്രി നീതി നടപ്പാക്കി. എന്നാൽ കാര്യങ്ങൾ ഒന്നിനുപുറകെ ഒന്നായി ഓരോ ദിവസം പിന്നിടുന്തോറും വെളിച്ചത്തുവന്നു. മന്ത്രി ജലീലിന്‍റെയും, മന്ത്രിയെ സംരക്ഷിക്കാൻ പുറപ്പെട്ട കോർപറേഷൻ ചെയർമാൻ, എംഡി എന്നിവരുടേയും വാദങ്ങൾ മാധ്യമങ്ങൾക്ക് മുന്നിൽ പൊളിഞ്ഞു. ഗത്യന്തരമില്ലാതെ അല്ലെങ്കിൽ മന്ത്രിയുടെ ആവശ്യപ്രകാരമാകാം അദീബ് രാജി വച്ചത്.

ബിസിനസ് അഡ്മിനിസ്‌ട്രേഷൻ പിജി ഡിപ്ലോമയുടെ തുല്യതാ സർട്ടിഫിക്കറ്റില്ല, ഡെപ്യുട്ടേഷനിൽ ജനറൽമാനേജറായി നിയമിക്കാൻ തടസ്സമില്ലെന്നുള്ള നിയമോപദേശത്തിന്‍റെ തെളിവുകൾ ഹാജരാക്കിയില്ല എന്നു തുടങ്ങി ജനറൽ മാനേജർ നിയമനത്തിന് ആവശ്യമായ രേഖകളൊന്നും ഹാജരാക്കാതെയായിരുന്നു ബന്ധു നിയമനം എന്ന് വ്യക്തമാണ്. 86,000രൂപ ശംബളം മാത്രം മതി സേവനമാണ് പ്രധാനം എന്നുപറഞ്ഞ് ചുമതലയേറ്റ കെടി അദീബ്, ഒരുമാസം കഴിയുന്നതിന് മുമ്പേ അലവൻസടങ്ങിയ ആവശ്യങ്ങളുടെയും, രണ്ടര ലക്ഷം രൂപ വാർഷിക ഇൻസെന്‍റീവിന്‍റെയും നീണ്ട പട്ടിക കോർപറേഷൻ എംഡിക്ക് സമർപ്പിച്ചു. ഇതും പുറത്തായതോടെയാണ് അദീബിന് സ്ഥാപനത്തിൽ പിടിച്ച് നിൽക്കാനാകാതെ പോയത്. എന്നാൽ അദീബ് രാജിവച്ചാലും ബന്ധുവായ മന്ത്രി കെടി ജലീലിന് പിടിച്ച് നിൽക്കാനാകില്ല. പിണറായി മന്ത്രി സഭയില്‍ അംഗമായിരുന്ന ഇപി ജയരാജൻ മുമ്പ് മന്ത്രി സ്ഥാനം രാജിവച്ചത്, ബന്ധു നിയമന വിവാദത്തെതുടർന്നായിരുന്നു. എന്നാൽ മന്ത്രിയുടെ രാജി ആവശ്യം ശക്തമാകുന്നതിന് മുമ്പേ ബന്ധു രാജിവച്ചെങ്കിലും, ഇപി ജയരാജന്‍റെ രാജിയോടെയാണ് പ്രതിസന്ധി അവസാനിച്ചത്. മന്ത്രി കെടി ജലീൽ സ്വജനപക്ഷപാതം നടത്തിയെന്ന് വ്യക്തമായ സാഹചര്യത്തിൽ രാജിവക്കുംവരെ സമരം തുടരാനാണ് യൂത്ത് കോൺഗ്രസിന്‍റെയും, യൂത്ത് ലീഗിന്‍റെയും തീരുമാനം.

https://www.youtube.com/watch?v=PDuFC65fNbw

KT Adheepyouth leagueyouth congressProtestKT Jaleel
Comments (0)
Add Comment