യുഎഇ താമസ വീസയുള്ളവര്‍ക്ക് ജൂണ്‍ ഒന്ന് മുതല്‍ യുഎഇയിലേക്ക് മടങ്ങാം : വാണിജ്യ വിമാനം ഇല്ല ; ഇന്ത്യയില്‍ നിന്നുള്ളവരുടെ മടക്കയാത്ര വീണ്ടും വൈകും

ദുബായ് : ഇന്ത്യ ഉള്‍പ്പെടെ വിവിധ രാജ്യങ്ങളില്‍ കുടുങ്ങിയ യു.എ.ഇ താമസ വീസയുള്ളവര്‍ക്ക് ജൂണ്‍ ഒന്ന് മുതല്‍ മടങ്ങാന്‍ അനുമതിയായി. കുടുംബാംഗങ്ങള്‍ യു.എ.ഇയിലുള്ളവര്‍ക്കാണ് ആദ്യഘട്ടത്തില്‍ മുന്‍ഗണന നല്‍കുന്നത്. അതേസമയം, വാണിജ്യ വിമാന സര്‍വീസുകള്‍ പുനരാരംഭിക്കാത്തതിനാല്‍ ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് മടക്കയാത്ര വീണ്ടും വൈകും.


കുടുങ്ങി കിടക്കുന്നത് ആയിരങ്ങള്‍

കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് യു.എ.ഇയിലേക്ക് മടങ്ങാന്‍ കഴിയാതെ, താമസവിസയുള്ള ആയിരങ്ങളാണ് ഇന്ത്യ ഉള്‍പ്പെടെ ലോകത്തെ വിവിധ രാജ്യങ്ങളില്‍ കുടുങ്ങി കിടക്കുന്നത്. ഇത്തരക്കാരെ ലക്ഷ്യമിട്ടാണ് ഈ പുതിയ നിര്‍ദേശം. ഇതനുസരിച്ച്, യു.എ.ഇയില്‍ കുടുംബവും, ബന്ധുക്കളുമുള്ള റസിഡന്‍സ് വീസക്കാര്‍ക്ക് , ജൂണ്‍ ഒന്നുമുതല്‍ മടങ്ങി തുടങ്ങാം. ഇതിനായി, യുഎഇ ഗവര്‍മെന്‍റിന്‍റെ വിദേശകാര്യ, രാജ്യാന്തര സഹകരണ മന്ത്രാലയം നടപടിക്രമങ്ങള്‍  ആരംഭിച്ചു.


രജിസ്റ്റര്‍ ചെയ്യാനുള്ള വെബ്‌സൈറ്റ് വിലാസം

കുടുംബങ്ങള്‍ യു.എ.ഇയിലുള്ള താമസ വിസക്കാര്‍ https://smartservices.ica.gov.ae/echannels/web/client/default.html#/login എന്ന സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണം. വലിയ ഇടവേളക്ക് ശേഷം, കുടുംബങ്ങളുടെ കൂടിചേരലിന്  അവസരം ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടി. കൊവിഡ് പ്രതിസന്ധി മൂലമുള്ള, വിമാന യാത്രാ വിലക്കിനെ തുടര്‍ന്നാണ് , യുഎഇ റസിഡന്‍സ് വീസക്കാര്‍, ഇന്ത്യ ഉള്‍പ്പടെയുള്ള വിവിധ രാജ്യങ്ങളില്‍ മാസങ്ങളായി കുടുങ്ങി കിടക്കുന്നത്.

Comments (0)
Add Comment