മേഘാലയയിൽ കൽക്കരി ഖനിയിൽ കുടുങ്ങിയ 15 തൊഴിലാളികളെ കണ്ടെത്താനുള്ള രക്ഷാപ്രവർത്തനം വീണ്ടും ഊർജിതമായി. നാവികസേനയുടെ മുങ്ങൽ വിദഗ്ധർ അടങ്ങിയ സംഘം ഇന്നലെ ഉച്ചയോടെ സ്ഥലത്തെത്തി.
കെട്ടിക്കിടക്കുന്ന വെള്ളത്തിന്‍റെ ആഴമളക്കാൻ രണ്ട് ഉദ്യോഗസ്ഥർ ഇന്നലെ 370 അടി താഴ്ചയുള്ള ഖനിയിലിറങ്ങി. നാവികസേനയുടെ മുങ്ങൽവിദഗ്ധർക്ക് ഖനിയിലെ പ്രത്യേക സാഹചര്യത്തിൽ പരമാവധി നൂറടി ആഴത്തിൽ വരെയേ രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കഴിയൂവെന്നതിനാണ് വെള്ളത്തിന്‍റെ ആഴം അളന്നത്.
ഖനിയിലെ ജലം വറ്റിക്കാൻ ശക്തിയേറിയ 10 പമ്പുകൾ ഒഡീഷയിൽനിന്ന് എത്തിച്ചിട്ടുണ്ട്. ഇവയിൽ രണ്ടെണ്ണം ഇന്നു താഴേയ്ക്കിറക്കി വെള്ളം വറ്റിക്കാൻ ആലോചനയുണ്ട്. എന്നാൽ പമ്പ് പ്രവർത്തിക്കുമ്പോൾ ഉണ്ടാകുന്ന പുക ഖനിക്കുള്ളിലെ ജീവവായു തടസപ്പെടുത്തുമെന്ന ആശങ്ക നിലനിൽക്കുന്നു. വിവിധ സ്ഥലങ്ങളിൽനിന്നായി എത്തിയ ഇരുനൂറോളം മുങ്ങൽ വിദഗ്ധർ സ്ഥലത്തുണ്ട്. കഴിഞ്ഞ 13 നാണ് തൊഴിലാളികൾ ഖനിയിൽ കുടുങ്ങിയത്.