റഫാല്‍ അഴിമതി ആരോപണം കേന്ദ്രസര്‍ക്കാരിന്റെയും മോദിയുടെയും വിശ്വാസ്യത തകര്‍ത്ത് പറന്നുയരുന്നതിനിടെ വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ മോദിക്കും ബി.ജെ.പിക്കും പരാജയം പ്രവചിച്ച് ബി.ജെ.പി അനുകൂല ചാനലായ റിപ്പബ്ലിക് ടി.വിയുടെ സര്‍വെ. റിപ്പബ്ലിക് ടി.വിക്ക് വേണ്ടി സീ വോട്ടര്‍ നടത്തിയ സര്‍വേയിലാണ് താമരയ്ക്ക് വാട്ടം സംഭവിക്കുമെന്ന് പ്രവചിക്കുന്നത്.
ശബരിമല യുവതീപ്രവേശനമടക്കമുള്ള വിഷയങ്ങള്‍ വര്‍ഗീയധ്രുവീകരണം ലക്ഷ്യമിട്ട് ബി.ജെ.പി പ്രചാരണവിഷയമാക്കിയെങ്കിലും കേരളത്തില്‍ ഇത്തവണയും താമര വിരിയില്ല. സര്‍വേ പ്രകാരം കേരളത്തിലെ 20 സീറ്റുകളില്‍ യു.ഡി.എഫിന് പതിനാറും എല്‍.ഡി.എഫിന് നാലും സീറ്റുകളും ലഭിക്കും. രണ്ട് വര്‍ഷത്തെ സി.പി.എം സര്‍ക്കാരിന്റെ ഭരണത്തില്‍ ജനങ്ങള്‍ക്കുള്ള അതൃപ്തിയാണ് സര്‍വേയിലൂടെ പ്രകടമാകുന്നത്.
യു.പി.എയുടെ സാധ്യതകള്‍ വര്‍ധിക്കുന്നതായും സര്‍വെ വ്യക്തമാക്കുന്നു. 112 മുതല്‍ 119 വരെ സീറ്റുകളില്‍ യു.പി.എ മുന്നേറുമെന്നാണ് സര്‍വെ വ്യക്തമാക്കുന്നത്. വരുന്ന ഒക് ടോബറില്‍ ലോക്സഭാ തെരഞ്ഞെടുപ്പ് നടന്നാല്‍ ബി.ജെ.പി സഖ്യമായ എന്‍.ഡി.എയ്ക്ക് പരമാവധി 261 സീറ്റ് കിട്ടുമെന്ന് പ്രവചിക്കുന്ന സര്‍വേ, നിലവില്‍ യു.പി.എയുടെ നേതൃത്വത്തില്‍ രൂപം കൊള്ളുന്ന മഹാസഖ്യസാധ്യതകള്‍ പരിഗണിച്ചിട്ടില്ല. ഒരു മാസം മുമ്പ് കേവല ഭൂരിപക്ഷമായ 276 സീറ്റുകള്‍ എന്‍.ഡി.എക്ക് കിട്ടുമെന്നായിരുന്നു പ്രവചനം. എന്‍.ഡി.എയ്ക്കും യു.പി.എയ്ക്കും പുറത്തുള്ള കക്ഷികളെല്ലാം കൂടി 163 സീറ്റുകള്‍ നേടിയേക്കാമെന്നും ഇതിലുണ്ട്.
ഇതിനിടെ അഞ്ച് സംസ്ഥാനങ്ങളില്‍ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങളും ലോക്സഭാ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കും. നിലവില്‍ രാജസ്ഥാനടക്കമുള്ള മൂന്ന് സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസിന് വ്യക്തമായ മേല്‍ക്കൈയുണ്ട്.
മഹാരാഷ്ട്ര, തമിഴ്നാട്, ആന്ധ്ര, തെലങ്കാന, യു.പി എന്നിവിടങ്ങളില്‍ കോണ്‍ഗ്രസ് നേതൃത്വം കൊടുത്ത് രൂപപ്പെടുത്തുന്ന പ്രതിപക്ഷ ഐക്യമാകും ജനവിധി നിര്‍ണയിക്കുന്ന പ്രധാന ഘടകമാവുക എന്നും സര്‍വെ വിലയിരുത്തുന്നു.
രണ്ട് സീറ്റുള്ള ത്രിപുര ബി.ജെ.പി നേടുമ്പോള്‍ മുഖ്യ കക്ഷിയായ സി.പി.എം ക്ലീന്‍ ബൌള്ഡാകുമെന്നാണ് സര്‍വേയില്‍ പറയുന്നത്. ഗോവയില്‍ എന്‍.ഡി.എയും യു.പി.എയും തങ്ങളുടെ ഓരോ സീറ്റുകള്‍ നിലനിര്‍ത്തുകയും ചെയ്യും. അതേസമയം ഏറ്റവും കൂടുതല്‍ ലോക്സഭാ മണ്ഡലങ്ങളുള്ള യു.പിയില്‍ ബി.ജെ.പിക്ക് അടിപതറുമെന്നും പ്രവചനമുണ്ട്. ഇവിടെ കോണ്‍ഗ്രസ്-എസ്.പി-ബി.എസ്.പി സഖ്യം പ്രാവര്‍ത്തികമായാല്‍ 44 സീറ്റുകളാകും ബി.ജെ.പിക്ക് നഷ്ടമാവുക.
മഹാരാഷ്ട്രയില്‍ എന്‍.ഡി.എ 23, കോണ്‍ഗ്രസ് 14, എന്‍.സി.പി 6, ശിവസേന 5 എന്നിങ്ങനെ സീറ്റുകള്‍ നേടും. എന്നാല്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ബി.ജെ.പി വിരുദ്ധ മതേതര മുന്നണി രൂപപ്പെട്ടാല്‍ കണക്കുകളെല്ലാം തെറ്റുമെന്നും കോണ്‍ഗ്രസിന് അനുകൂലമായ മുന്നേറ്റത്തിന് സാധ്യതയുണ്ടെന്നും കല്പിക്കപ്പെടുന്നു.
കര്‍ണാടകയില്‍ ഇപ്പോള്‍ എന്‍.ഡി.എക്ക് 18 സീറ്റാണ് സര്‍വെ പ്രവചിക്കുന്നത്. കോണ്‍ഗ്രസിന് ഏഴും ജെ.ഡി.എസിന് മൂന്നും സീറ്റുകള്‍ ലഭിക്കുമ്പോള്‍ കര്‍ണാടകത്തില്‍ രൂപപ്പെട്ട കോണ്‍ഗ്രസ്-ജെ.ഡി.എസ് സഖ്യം ഒന്നിച്ച് മത്സരിച്ചാല്‍ ബി.ജെ.പിയുടെ നില പരിതാപകരമാകും.
രാജസ്ഥാനില്‍ എന്‍.ഡി.എക്ക് 17നും കോണ്‍ഗ്രസിന് എട്ട് സീറ്റുകളും ലഭിക്കുമെന്ന് സര്‍വേയിലുണ്ട്. എന്നാല്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലം ബി.ജെ.പിക്കും കോണ്‍ഗ്രസിനും ഒരുപോലെ പ്രവചനാതീതമായാണ് സര്‍വെ കാണുന്നത്.
മധ്യപ്രദേശില്‍ 22 സീറ്റ് ബി.ജെ.പിക്ക് എഴുതിനല്‍കുമ്പോള്‍ കോണ്‍ഗ്രസിന് ഏഴ് സീറ്റാണ് ലഭിക്കുക. ഗുജറാത്തില്‍ ബി.ജെ.പിക്ക് 24 സീറ്റുകള്‍ ലഭിക്കുമ്പോള്‍ കോണ്‍ഗ്രസിന് രണ്ട് സീറ്റാണ് സര്‍വെ പറയുന്നത്.
ഡല്‍ഹിയില്‍ ഏഴ് സീറ്റും ബി.ജെ.പിയുടെ അക്കൌണ്ടിലാകുമെന്നാണ് സര്‍വേ പറയുമ്പോള്‍ കോണ്‍ഗ്രസിന്റെയും എ.എ.പിയുടെയും ശക്തമായ സാന്നിധ്യത്തെ മനപൂര്‍വം മറച്ചുപിടിക്കുകയാണ് ചെയ്യുന്നത്.
ആന്ധ്രയില്‍ 20 സീറ്റുകള്‍ വൈ.എസ്.ആര് കോണ്‍ഗ്രസിനും ടി.ഡി.പിക്ക് അഞ്ച് സീറ്റും കോണ്‍ഗ്രസിന് സീറ്റൊന്നും ലഭിക്കില്ലെന്ന വെളിപ്പെടുത്തല്‍ നടത്തുമ്പോഴും കോണ്‍ഗ്രസിന്റെ സഖ്യസാധ്യതകളെ സര്‍വേ പരിഗണിക്കുന്നില്ല.
തെലങ്കാനയില്‍ കോണ്‍ഗ്രസിന് എട്ട് സീറ്റും ടി.ആര്.എസിന് ഏഴ് സീറ്റും ബി.ജെ.പിക്ക് ഒരു സീറ്റുമാണ് പ്രവചനം. തമിഴ്നാട്ടില്‍ ഡി.എം.കെ 29 സീറ്റുകള്‍ നേടുമ്പോള്‍ ജയലളിതയുടെ പാര്‍ട്ടിക്ക് 9 സീറ്റും യു.പി.എയ്ക്ക് ഒരു സീറ്റുമാണ് സര്‍വെ പറയുന്നത്.
ബിഹാറില്‍ എന്‍.ഡി.എയ്ക്ക് 34ഉം യു.പി.എക്ക് 6 സീറ്റുമാണ് ലഭിക്കുക. ജാര്‍ഖണ്ഡില്‍ എന്‍.ഡി.എക്ക് ആറും കോണ്‍ഗ്രസിന് ഏഴും ജെ.വി.എമ്മിന് ഒരു സീറ്റും ലഭിക്കുമെന്നാണ് പ്രവചനത്തിലെ കണ്ടെത്തല്‍.
പഞ്ചാബില്‍ 12 സീറ്റ് കോണ്‍ഗ്രസ് നേടുമ്പോള്‍ എന്‍.ഡി.എ ഒരു സീറ്റില്‍ ഒതുങ്ങും. അവിടെയും ബി.ജെ.പിയുടെ പതനം മറച്ചുവെക്കാനാണ് സര്‍വെയുടെ ശ്രമം. ജമ്മു-കശ്മീരില്‍ എന്‍.ഡി.എ രണ്ടും യു.പി.എ രണ്ടും പി.ഡി.പി ഒന്നും മറ്റ് പാര്‍ട്ടികള്‍ 2 സീറ്റുകളും നേടുമെന്നാണ് പ്രവചനം.
ഹിമാചലില്‍ എന്‍.ഡി.എ നാല് സീറ്റും ഉത്തരാഖണ്ഡില്‍ അഞ്ചും ഹരിയാനയില്‍ എന്‍.ഡി.എക്ക് ആറ് സീറ്റും യു.പി.എക്ക് മൂന്ന് സീറ്റും ലഭിക്കുമെന്നാണ് പ്രവചനം.
ചത്തീസ്ഗഢില്‍ പത്ത് സീറ്റും എന്‍.ഡി.എയുടെ കണക്കിലെഴുതുമ്പോള് യു.പി.എക്ക് ഒരു സീറ്റാണ് പ്രവചിക്കുന്നത്.
ഒഡീഷയില്‍ എന്‍.ഡി.എക്ക് പന്ത്രണ്ടും യു.പി.എക്ക് മൂന്നും ബി.ജെ.ഡിക്ക് ആറ് സീറ്റുമാണ് പ്രവചിക്കുന്നത്. അസമില്‍ എന്‍.ഡി.എക്ക് 9 സീറ്റും യു.പി.എക്ക് നാല് സീറ്റും ലഭിക്കും.
പശ്ചിമ ബംഗാളില്‍ തൃണമൂലിന് 32ഉം എന്‍.ഡി.എക്ക് ഒമ്പതും യു.പി.എക്ക് ഒരു സീറ്റും ലഭിക്കുമെന്നാണ് സര്‍വെ. അവിടെ സി.പി.എം പൂര്‍ണമായും തകര്‍ന്നടിയുന്ന തെരഞ്ഞെടുപ്പായി ഇത് മാറിയേക്കും.
റിപ്പബ്ലിക് ടി.വി- സീ വോട്ടര്‍ സര്‍വേയില്‍ ലോക്സഭയില്‍ ബി.ജെ.പി മുന്നണിക്ക് വ്യക്തമായ ഭൂരിപക്ഷം ലഭിക്കില്ലെന്ന സൂചനകളാണ് ഇതില്‍നിന്നും വ്യക്തമാകുന്നത്. ഇതിനുപുറമെ, ആര്.എസ്.എസിന്റെ വിലയിരുത്തലും എന്‍.ഡി.എക്ക് പ്രതികൂലമായാണ് പുറത്തുവന്നിട്ടുള്ളതെന്നും റിപ്പോര്‍ട്ടുകളുണ്ട്.