റിപ്പബ്ലിക് ദിന പരേഡിന് വർണ്ണാഭമായ പര്യവസാനം; സ്ത്രീ ശാക്തീകരണം ഉയർത്തിക്കാട്ടുന്ന 26 ടാബ്ലോകള്‍ കർത്തവ്യപഥിൽ അണിനിരന്നു

Jaihind Webdesk
Friday, January 26, 2024

കർത്തവ്യപഥിൽ നടന്ന എഴുപത്തിയഞ്ചാം റിപ്പബ്ലിക് ദിന പരേഡിന് വർണ്ണാഭമായ പര്യവസാനം. രാഷ്ട്രപതി ദ്രൗപതി മുർമുവും വിശിഷ്ടാതിഥിയായ ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മക്രോയും പ്രധാനമന്ത്രി നരേന്ദ്രമോദിയും ദില്ലിയിലെ കർത്തവ്യപഥിൽ നടന്ന റിപ്പബ്ലിക് ദിനപരേഡിൽ പങ്കെടുത്തു.

രാഷ്ട്രപതി ദ്രൗപതി മുർമുവും റിപ്പബ്ലിക് ദിന മുഖ്യാതിഥി ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മാക്രോണും രാഷ്ട്രപതി ഭവനിൽ നിന്ന് അശ്വാരൂഢ സേനയുടെ അകമ്പടിയോടെയാണ് റിപ്പബ്ലിക് ദിന പരേഡ് നടക്കുന്ന ഇന്ത്യ ഗേറ്റിൽ എത്തിയത്. വേദിയിൽ രാഷ്ട്രപതിയെയും മുഖ്യാതിഥിയെയും പ്രധാനമന്ത്രി സ്വാഗതം ചെയ്തു. ദേശീയ യുദ്ധസ്മാരകത്തിൽ ധീര രക്തസാക്ഷികൾക്ക് ആദരാഞ്ജലികൾ അർപ്പിച്ച ശേഷമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി റിപ്പബ്ലിക് ദിന പരേഡ് വേദിയിൽ എത്തിയത്.

പരംവീര ചക്ര, അശോക ചക്ര എന്നിവയുൾപ്പെടെയുള്ള സൈനിക ബഹുമതികള്‍ നേടിയവർക്ക് അഭിവാദ്യമർപ്പിച്ച് കൊണ്ടാണ് രാഷ്ട്രപതി റിപ്പബ്ലിക് ദിന പരേഡിനെ അഭിസംബോധന ചെയ്തത്. മേജർ യശ്ദീപ് അഹ്‌ലാവത് നയിച്ച അശ്വാരൂഢ സേനയുടെ മാർച്ച് പാസ്റ്ററോട് കൂടിയാണ് സേനാ വിഭവങ്ങളുടെ പരേഡ് ആരംഭിച്ചത്. പരേഡിന് രാഷ്ട്രപതി ദ്രൗപതി മുര്‍മു സല്യൂട്ട് സ്വീകരിച്ചു. ശേഷം കരസേനയുടെ അത്യാധുനിക ടി 90 ടാങ്ക് പരേഡിൽ കടന്നുപോയി. ക്യാപ്റ്റൻ ഖൂർദയുടെ നേതൃത്വത്തിലുള്ള ഫ്രഞ്ച് ഫോറിൻ ലെജിയൻ മ്യൂസിക് ബാൻഡും ഫ്രഞ്ച് ഫോറിൻ ലെജിയന്‍റെ സെക്കന്‍റ് ഇൻഫൻട്രി റെജിമെൻ്റിൽ നിന്നുള്ള ഫ്രഞ്ച് മാർച്ചിംഗ് സംഘവും കർത്തവ്യപഥിൽ പിന്നീട് മാർച്ച് പാസ്റ്റ് നടത്തി. നാഷണൽ കേഡറ്റ് കോർപ്‌സ് പെൺകുട്ടികളുടെ ആദ്യ മാർച്ചിംഗ് സംഘത്തിൽ 148 പെൺകുട്ടികൾ പങ്കെടുത്തു. ഇതിന് ശേഷം നാഷണൽ സർവീസ് സ്‌കീമിന്‍റ് 200 വനിതാ വളണ്ടിയർമാരുൾപ്പെടുന്ന സംഘവും കർത്തവ്യപഥിൽ മാർച്ച് പാസ്റ്റ് നടത്തി.  1500 നർത്തകരുടെ 30 നാടോടി നൃത്ത ശൈലികളുടെ മഹത്തായ പ്രകടനത്തിനും ഇക്കുറി പരേഡ് സാക്ഷ്യം വഹിച്ചു.

ഒപ്പം സ്ത്രീ ശാക്തീകരണം ഉയർത്തിക്കാട്ടുന്ന 26 ടാബ്ലോകളാണ് കർത്തവ്യ പഥിൽ അണിനിരന്നത്. സാമൂഹ്യ-സാമ്പത്തിക പ്രവർത്തനങ്ങളിലെ സ്ത്രീകളുടെ പങ്ക് മുതൽ വനിതാ ശാസ്ത്രജ്ഞരുടെ സംഭാവനകൾ വരെയുള്ളവയാണ് ഇത്തവണത്തെ വിഷയമായി അവതരിപ്പിച്ചത്. ടാബ്‌ലോയുടെ മുൻവശത്ത് മണിപ്പൂരിലെ ഐതിഹാസികമായ ലോക്തക് തടാകത്തിൽ നിന്ന് താമര ശേഖരിക്കുന്ന സ്ത്രീയെയാണ് മണിപൂർ സംസ്ഥാനം അവതരിപ്പിച്ചത്. ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്‌മെൻ്റ് ഓർഗനൈസേഷൻ (ഡിആർഡിഒ) ഈ വർഷത്തെ പ്രതിരോധ ഗവേഷണത്തിൻ്റെ പ്രധാന മേഖലകളിൽ അതിന്‍റെ വനിതാ ശാസ്ത്രജ്ഞരുടെ ശ്രദ്ധേയമായ സംഭാവനകൾ ചിത്രീകരിക്കുന്നതായിരുന്നു അവരുടെ ടാബ്ലോ.

ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ (ഐഎസ്ആർഒ) അതിന്റെ ഏറ്റവും വലിയ നേട്ടങ്ങളിലൊന്നായ ചന്ദ്രയാൻ -3 ചന്ദ്രനിലെ ശിവശക്തി പോയിന്റിൽ പ്രദർശിപ്പിച്ചതായിരുന്നു വിഷയമായി എടുത്തത്. പത്താം നൂറ്റാണ്ടിലെ ചോള കാലഘട്ടത്തിൽ നടപ്പിലാക്കിയ പോളിംഗ് പ്രക്രിയ തമിഴ്‌നാട് ടാബ്‌ലോയിൽ പ്രദർശിപ്പിച്ചു. കരസേന, നാവികസേന, വ്യോമസേന എന്നിവയുടെ ഐക്യനിര അവതരിപ്പിച്ച പരേഡ് ചരിത്ര നിമിഷത്തെ അടയാളപ്പെടുത്തി. നാരീ ശക്തി എന്ന പ്രമേയം പ്രതിധ്വനിക്കുന്നതായിരുന്നു ഇവരുടെയും പരേഡ്.