ബോംബ് സ്ഫോടനങ്ങൾ തുടര്‍ക്കഥയാകുന്നു; കണ്ണൂരിൽ ആശങ്ക

വോട്ടെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെ കണ്ണൂരിൽ ഇടയ്ക്കിടെയുണ്ടാകുന്ന ബോംബ് സ്ഫോടനങ്ങൾ ആശങ്കയ്ക്ക് കാരണമാകുന്നു. ആർഎസ്എസ്സിന്‍റെയും സിപിഎമ്മിന്‍റെയും ശക്തികേന്ദ്രങ്ങളിൽ നടന്ന സ്ഫോടനങ്ങളിൽ മൂന്ന് കുട്ടികൾക്ക് പരിക്കേറ്റിരുന്നു. പൊലീസ് പരിശോധന കാര്യക്ഷമമല്ലാത്തതിനാൽ പാർട്ടി ഗ്രാമങ്ങളിൽ ആയുധങ്ങൾ സംഭരിക്കുകയാണെന്ന് ഡിസിസി പ്രസിഡന്‍റ് സതീശൻ പാച്ചേനി.

ഒളിപ്പിച്ച് വെച്ച ബോംബുകൾ പൊട്ടിത്തെറിച്ച് കഴിഞ്ഞ  ഒരു മാസത്തിനിടെ ജില്ലയിൽ 3 വിദ്യാർത്ഥികൾക്കാണ് പരിക്കേറ്റത്.  കഴിഞ്ഞ മാസം ഇരുപത്തി മൂന്നിന് കണ്ണൂർ നടുവിലിൽ ഉണ്ടായ ബോംബ് സ്ഫോടനത്തിൽ വീട്ടിൽ കളിച്ചുകൊണ്ടിരുന്ന രണ്ടു കുട്ടികൾക്ക് പരിക്കേറ്റു. നടുവിൽ ആട്ടുകളത്തെ ബിജെപി പ്രവർത്തകൻ കുതിരുമ്മൽ ഷിബുവിന്‍റെ മകൻ ഗോകുൽ, ഇളംപ്ലാവിൽ കജിൽകുമാർ എന്നിവർക്കാണ് പരിക്കേറ്റത്. സംഭവുമായി ബന്ധപ്പെട്ട് പരിക്കേറ്റ കുട്ടിയുടെ പിതാവും ആർഎസ്എസ് പ്രവർത്തനായ ഷിബുവിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സ്ഫോടനം നടന്ന വീട്ടിൽ പൊലീസ് നടത്തിയ പരിശോധനയിൽ മാരകായുധങ്ങൾ കണ്ടെത്തുകയും ചെയ്തു. സി പി എമ്മിന്‍റെ ശക്തി കേന്ദ്രമായ മട്ടന്നൂർ പരിയാരത്താണ് മറ്റൊരു ബോംബ് സ്ഫോടനം നടന്നത്. കുട്ടികൾ കളിക്കുന്നതിനിടെ ബോംബ് പൊട്ടിതെറിച്ച് വിജിൽ എന്ന പതിനാലു വയസുകാരന് പരിക്കേൽക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ വിദ്യാർത്ഥി കോഴിക്കോട്ടെ ആശുപത്രിയിൽ ചികിത്സയിലാണ്. സി പി എമ്മിന്‍റെ പാർട്ടി ഗ്രാമമായ പെരുവയൽക്കരി പുലിയങ്ങോട് റോഡരികിൽ സൂക്ഷിച്ച ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു. തിരഞ്ഞെടുപ്പിന് മുന്നോടിയായി സിപിഎമ്മും ബിജെപിയും വ്യാപകമായി ആയുധങ്ങൾ സംഭരിക്കുന്ന വിമർശനമാണ് ഉയരുന്നത്.

ബോംബും മറ്റു ആയുധങ്ങളും കണ്ടെത്തുവാൻ വേണ്ടി പൊലീസ് മുൻ കാലങ്ങളിൽ നടത്തിവന്നിരുന്ന റെയ്ഡ് കാര്യക്ഷമല്ലയെന്ന വിമർശനവും ഉയരുന്നുണ്ട്.

തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലയിൽ സി പി എം – ബി ജെ പി സംഘർഷം ഉണ്ടാകുമോയെന്ന ആശങ്കയിലാണ് കണ്ണൂരിലെ പൊതു ജനങ്ങൾ.

Comments (0)
Add Comment