പൊതുഇടത്തിലെ അധിക്ഷേപം; എം.എല്‍.എക്കെതിരെ പരാതി നല്‍കുമെന്ന് ദേവികുളം സബ് കലക്ടര്‍

മൂന്നാര്‍: തനിക്കെതിരെ പരസ്യമായി അധിക്ഷേപ പരാമര്‍ശം നടത്തിയ എസ്. രാജേന്ദ്രന്‍ എംഎല്‍എയ്ക്കെതിരെ റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് പരാതി നല്‍കുമെന്ന് ദേവികുളം സബ് കലക്ടര്‍ രേണുരാജ്. അനധികൃത നിര്‍മാണം തടയാന്‍ ചെന്നപ്പോള്‍ വനിതയാണെന്ന രീതിയില്‍ പരസ്യമായി അധിക്ഷേപിച്ചു സംസാരിച്ചതിനാണ് എംഎല്‍എയ്ക്കെതിരെ പരാതി നല്‍കുന്നത്.

കെട്ടിടനിര്‍മാണം നിര്‍ത്തിവയ്ക്കല്‍ നോട്ടീസ് നല്‍കിയിട്ടും അത് അവഗണിച്ച് മുന്നോട്ട് പോയ പഞ്ചായത്ത് സെക്രട്ടറിക്കെതിരെ ഹൈക്കോടതിയില്‍ റിപ്പോര്‍ട്ടു നല്‍കി കോടതിയലക്ഷ്യ നടപടികള്‍ സ്വീകരിക്കുമെന്നും സബ് കളക്ടര്‍ അറിയിച്ചു. കെ.ഡി.എച്ച്.പി കമ്പനി പാര്‍ക്കിംഗിനായി അനുവദിച്ച പഴയ മൂന്നാറിലെ പുഴയുടെ തീരത്ത് എന്‍.ഒ.സി വാങ്ങാതെ പഞ്ചായത്ത് നടത്തിവന്ന കെട്ടിട നിര്‍മ്മാണത്തിനാണ് കഴിഞ്ഞ ദിവസം റവന്യൂ വകുപ്പ് സ്റ്റോപ് മെമ്മോ നല്‍കിയത്. എന്നാല്‍ ഇതിനു ശേഷവും പണികള്‍ നിര്‍ത്താന്‍ തയാറാകാത്തതിനാണ് മൂന്നാര്‍ പഞ്ചായത്ത് സെക്രട്ടറിക്കെതിരേ കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത്.

പഞ്ചായത്തിന്റെ നിര്‍മാണങ്ങള്‍ തടയാന്‍ സബ് കളക്ടര്‍ക്ക് അധികാരമില്ലെന്ന് പറഞ്ഞായിരുന്നു എസ്. രാജേന്ദ്രന്‍ എംഎല്‍എ രേണു രാജിനെ അവഹേളിച്ചത്. അവള്‍ ഇതെല്ലാം വായിച്ച് പഠിക്കണ്ടേ, അവള് ബുദ്ധിയില്ലാത്തവള്… കളക്ടറാകാന്‍ വേണ്ടി മാത്രം പഠിച്ച് കളക്ടറായവര്‍ക്ക് ഇത്ര മാത്രമേ ബുദ്ധിയുണ്ടാകൂ.. എന്നിങ്ങനെയായിരുന്നു എംഎല്‍എയുടെ അധിക്ഷേപ പരാമര്‍ശങ്ങള്‍.

Comments (0)
Add Comment