രാജസ്ഥാനില്‍ ഔദ്യോഗിക ലെറ്റര്‍പേഡുകളിലെ ദീന്‍ദയാല്‍ ഉപാധ്യായയുടെ ചിത്രം നീക്കാന്‍ ഉത്തരവ്

ജെയ്പൂര്‍: ബി.ജെ.പി ഭരണകാലത്തെ ഭരണ സ്ഥാപനങ്ങളിലെ സംഘ്പരിവാര്‍വല്‍ക്കരണങ്ങള്‍ നീക്കം ചെയ്ത് രാജസ്ഥാനില്‍ പുതുതായി അധികാരമേറ്റ കോണ്‍ഗ്രസ് സര്‍ക്കാര്‍. ഔദ്യോഗിക ലെറ്റര്‍പേഡുകളിലെ ബി.ജെ.പി സഹസ്ഥാപകന്‍ ദീന്‍ദയാല്‍ ഉപാധ്യായയുടെ ചിത്രം നീക്കം ചെയ്യാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടു.

2017ല്‍ ബി.ജെ.പി സര്‍ക്കാര്‍ കൊണ്ടുവന്ന സര്‍ക്കുലര്‍ പിന്‍വലിക്കാനാണ് മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് ഉത്തരവിട്ടത്. സര്‍ക്കാരിന്റെ മുഴുവന്‍ ഡിപ്പാര്‍ട്ട്‌മെന്റുകള്‍, ബോര്‍ഡുകള്‍, സഹകരണ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെ ലെറ്റര്‍പേഡുകളില്‍ ദീന്‍ദയാല്‍ ഉപാധ്യായയുടെ ചിത്രങ്ങള്‍ ലോഗോക്ക് സമാനമായി പതിപ്പിക്കണമെന്ന ഉത്തരവാണ് റദ്ദാക്കിയത്. രാജസ്ഥാനില്‍ പുതുതായി തെരഞ്ഞെടുക്കപ്പെട്ട കോണ്‍ഗ്രസ് സര്‍ക്കാര്‍ കഴിഞ്ഞാഴ്ച ചേര്‍ന്ന ആദ്യ കാബിനറ്റ് യോഗത്തിലാണ് ഈ തീരുമാനമെടുത്തതെന്ന് അഡിഷനല്‍ ചീഫ് സെക്രട്ടറി രവി ശങ്കര്‍ ശ്രീവാസ്ത പറഞ്ഞു.

ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയറ്റില്‍ എല്ലാ മാസവും ആദ്യ പ്രവൃത്തി ദിവസം വന്ദേമാതരവും ദേശീയ ഗാനവും ചൊല്ലുന്ന പതിവിന് മധ്യപ്രദേശ് സര്‍ക്കാര്‍ കഴിഞ്ഞ ദിവസം റദ്ദാക്കിയിരുന്നു. മുന്‍ മുഖ്യമന്ത്രി ശിവരാജ് ചൗഹാന്റെ ഉത്തരവാണ് കോണ്‍ഗ്രസ് സര്‍ക്കാര്‍ റദ്ദാക്കിയത്. ഇതിന് പകരം സെക്രട്ടറിയേറ്റില്‍ എല്ലാ മാസവും ആദ്യത്തെ പ്രവൃത്തി ദിവസത്തില്‍ പൊലിസ് ബാന്‍ഡിനൊപ്പം ദേശീയ ഗാനം ആലപിക്കുമെന്ന് കമല്‍നാഥ് അറിയിച്ചു.

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Ashok GehlotRajasthan
Comments (3)
Add Comment