രാജ്യം രാജീവിന്‍റെ ഓര്‍മ്മയില്‍…

Jaihind Webdesk
Tuesday, May 21, 2019

ഇന്ന് മുൻ പ്രധാനമന്ത്രി രാജീവ്ഗാന്ധിയുടെ 28-ആമത് രക്തസാക്ഷിത്വ ദിനം. 1991 മെയ് 21 ന് ശ്രീ പെരുമ്പത്തൂരിൽ വെച്ചാണ് രാജീവ്ഗാന്ധി കൊല്ലപ്പെട്ടത്. ഇന്ത്യയെ പുതുയുഗത്തിലേക്ക് നയിച്ച ഭരണാധികാരിയായിരുന്നു അദ്ദേഹം.

ഇന്ത്യൻ രാഷ്ട്രീയ ചരിത്രത്തിൽ രാജീവ് ഗാന്ധിയുടെ ജീവിതം സാമ്യമില്ലാത്തതാണ്. അപ്രതീക്ഷിതവും ദുരന്തപൂർണവുമായ സാഹചര്യങ്ങളിൽ രാഷ്ട്രീയത്തിൽ എത്തപ്പെടുകയും വളരെച്ചുരുങ്ങിയ കാലം കൊണ്ടുതന്നെ രാജ്യത്തിന് ഒട്ടേറെ സംഭാവനകൾ നൽകി കാലയവനികയ്ക്കുള്ളിൽ മറയുകയും ചെയ്ത അപൂർവവ്യക്തിത്വം.

ഇന്ത്യയിലെ എന്നല്ല ലോകചരിത്രത്തിലെ തന്നെ രാഷ്ട്രീയ വ്യക്തി ജീവിതങ്ങളോടൊപ്പം താരതമ്യം ചെയ്യപ്പെടാന്‍ മാത്രം ദീർഘമായിരുന്നില്ല അദ്ദേഹത്തിന്‍റെ ഭരണകാലം എങ്കിലും അത് ഇന്ത്യയുടെ രാഷ്ട്രീയ-സാമൂഹിക-സാമ്പത്തിക മേഖലകളിൽ സമഗ്രമായ മാറ്റങ്ങളുടെ കാലമായിരുന്നു. ബിജെപി പറയുന്നതിന് വിരുദ്ധമായി ഇന്ന് കാണുന്ന നവ ഇന്ത്യയുടെ തുടക്കംകുറിച്ചത് ഇതേ മനുഷ്യനായിരുന്നു.

ചരിത്രത്തിൽ ഒത്തിരി അടയാളങ്ങൾ രേഖപ്പെടുത്തിയാണ് രാജീവ് ഗാന്ധി കടന്നു പോയത്. ഇന്ദിരാഗാന്ധിയുടെ മരണ ശേഷം നാൽപ്പതാമത്തെ വയസ്സിലായിരുന്നു രാജീവ് ഗാന്ധി പ്രധാനമന്ത്രിയായത്. ഇന്ത്യയിൽ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയായി രാജീവ്ഗാന്ധി അധികാരത്തിലെത്തി. 1984 ലെ പൊതു തെരഞ്ഞെടുപ്പിൽ ഇന്ത്യൻ പാർലമെന്‍റ് കണ്ട ഏറ്റവും വലിയ ഭൂരിപക്ഷത്തിലായിരുന്നു ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് അധികാരത്തിലെത്തിയത്. 491 ലോകസഭ മണ്ഡലങ്ങളിൽ മത്സരിച്ച കോൺഗ്രസ്സിന് 404 സീറ്റുകൾ നേടാൻ കഴിഞ്ഞത് രാജീവ് ഗാന്ധിയുടെ അസാധാരണമായ വ്യക്തിത്വം കൊണ്ടു കൂടിയായിരുന്നു. വിദ്യാഭ്യാസ രംഗത്തും, ശാസ്ത്ര സാങ്കേതിക വാർത്താവിനിമയ രംഗങ്ങളിലും ഇന്ത്യയിൽ ഇന്നു കാണുന്ന പുരോഗതിക്ക് അടിത്തറയിട്ടത് രാജീവ് ഗാന്ധിയുടെ ദിശാ ബോധമായിരുന്നു. 21 ആയിരുന്ന വോട്ടവകാശം 18 ആക്കിയതും, അധികാര വികേന്ദ്രീകരണത്തിന്‍റെ പുതിയ വാതായനങ്ങൾ തുറന്ന് 73-ആം ഭരണഘടനാ ഭേദഗതിയിലൂടെ പഞ്ചായത്തീരാജ് നിയമമാക്കിയതും കൂറുമാറ്റ നിരോധന നിയമവുമെല്ലാം രാജീവ്ഗാന്ധിയുടെ സംഭാവനകളാണ്.

ആധുനിക ഇന്ത്യയുടെ സ്രഷ്ടാവായ രാജീവ് ഗാന്ധി 1991 ൽ ശ്രീപെരുമ്പത്തൂരിൽ വെച്ച് എൽടിടി തീവ്രവാദികളാൽ വധിക്കപ്പെട്ടപ്പോൾ അനാഥമായത് ഒരു രാജ്യവും ജനതയുമായിരുന്നു. ഇന്നും ഇന്ത്യൻ ജനത രാജീവ് ഗാന്ധിയെ നിറസ്മരണകളോടെയാണ് ഓർക്കുന്നത്. അദ്ദേഹത്തിന്‍റെ സ്മാരകത്തിൽ കൊത്തിവച്ചിരിക്കുന്ന വാക്കുകൾ ഇങ്ങനെയാണ്… ” എനിക്കും ഒരു സ്വപ്നമുണ്ട്. ലോകരാജ്യങ്ങളുടെ മുൻനിരയിൽ, മാനവ സമൂഹത്തിന്‍റെ ക്ഷേമത്തിനുവേണ്ടി പ്രവർത്തിക്കുന്ന ശക്തവും സ്വതന്ത്രവും സ്വാശ്രയത്വവുമുള്ള ഇന്ത്യയെ കുറിച്ചുള്ള സ്വപ്നം.” സ്വതന്ത്ര ഇന്ത്യയെ സ്വപ്നം കണ്ട സമാരാധ്യനായ ഈ നേതാവിന്‍റെ ഓർമ്മകൾക്ക് മുന്നിൽ ഇന്ത്യൻ ജനതയുടെ പ്രണാമം.