ദുരിതാശ്വാസ ക്യാമ്പിലേക്കുള്ള ഭക്ഷ്യധാന്യങ്ങൾ സ്വന്തം വീട്ടിലേക്ക് കടത്തി; സിപിഎം ബ്രാഞ്ച് സെക്രട്ടറിക്ക് സസ്പെന്‍ഷന്‍

Jaihind News Bureau
Monday, August 17, 2020

 

ആലപ്പുഴ: ദുരിതാശ്വാസ ക്യാമ്പിലേക്കുള്ള ഭക്ഷ്യ ധാന്യങ്ങൾ സ്വന്തം വീട്ടിലേക്ക് കടത്തിയ സംഭവത്തിൽ സി.പി.എം ബ്രാഞ്ച് സെക്രട്ടറിക്കെതിരെ നടപടി. ആലപ്പുഴ നീലംപേരൂർ ബ്രാഞ്ച് സെക്രട്ടറി കെ.പി സുകുമാരനെയാണ് ഒരു വർഷത്തേക്ക് പുറത്താക്കിയത്.  തട്ടിപ്പിന് കൂട്ടുനിന്ന ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് പ്രിനോ ഉതുപ്പാന്‍ നാട്ടുകാരോട് പരസ്യമായി മാപ്പ് പറഞ്ഞു. കടത്തിയ ഭക്ഷ്യധാന്യങ്ങളുടെ തുക തിരികെ നല്‍കുകയും ചെയ്തു.

ഭക്ഷ്യകിറ്റുകള്‍ ദുരിതാശ്വാസ ക്യാംപുകളിലേക്ക് കൊണ്ടുപോകാതെ മറിച്ചുവിറ്റുവെന്നായിരുന്നു പ്രിനോ ഉതുപ്പന്‍ പറഞ്ഞത്. എന്നാല്‍ നാട്ടുകാര്‍ നടത്തിയ അന്വേഷണത്തില്‍ തട്ടിപ്പിന് നേതൃത്വം നല്‍കിയത് സിപിഎം ബ്രാഞ്ച് സെക്രട്ടറി കെ.പി സുകുമാരനാണെന്ന് തെളിഞ്ഞു. സുകുമാരന്‍റെ വീട്ടില്‍നിന്ന് ദുരിതാശ്വാസകിറ്റുകളും കണ്ടെടുത്തു. സംഭവം നാട്ടില്‍ പാട്ടായതോടെ സുകുമാരനെ ഒരു വര്‍ഷത്തേക്ക് പാര്‍ട്ടിയില്‍നിന്ന് പുറത്താക്കുകയായിരുന്നു.