സാമ്പത്തിക നിയന്ത്രണത്തിൽ ഇളവ്; കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിൽ ഗവർണറുടെ വിമാന യാത്രക്ക് 30 ലക്ഷം രൂപ  അധികം അനുവദിച്ച് സംസ്ഥാന സർക്കാർ

Jaihind Webdesk
Friday, February 10, 2023

തിരുവനന്തപുരം: കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിൽ ഗവർണറുടെ വിമാന യാത്രക്ക് 30 ലക്ഷം രൂപ  അധികം അനുവദിച്ച് സംസ്ഥാന സർക്കാർ. 4000 കോടിയുടെ അധിക നികുതി ജനങ്ങളുടെ മേൽ ചുമത്തിയ ബഡ്ജറ്റ് അവതരണത്തിന് ശേഷം ഈ മാസം 7 നാണ് വിമാനയാത്രക്ക് ചെലവായ തുക ഗവർണർക്ക് ധനമന്ത്രി ബാലഗോപാൽ അനുവദിച്ചത്. 2022-23 ലെ ബജറ്റിൽ ഗവർണറുടെ യാത്രക്ക് അനുവദിച്ചിരുന്ന തുക തീർന്നതോടെയാണ് അധികമായി ഇത്രയും തുക അനുവദിച്ചത്.

സാമ്പത്തിക നിയന്ത്രണത്തിൽ ഇളവ് വരുത്തിയാണ് ഗവർണർക്ക് വിമാന യാത്രക്കായി 30 ലക്ഷം രൂപ അനുവദിച്ചത്.                  25 ലക്ഷം രൂപ വരെയുള്ള തുകകൾ ട്രഷറിയിൽ നിന്ന് മാറുന്നതിന് സർക്കാർ ഇപ്പോൾ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഒഡെപ്പെക്ക് വഴിയാണ് ഗവർണർ വിമാനയാത്രക്ക് ടിക്കറ്റ് എടുത്തിരുന്നത്. 2022 ഡിസംബർ 30 ന് ഗവർണറുടെ വിമാനയാത്രക്ക് ചെലവായ 30 ലക്ഷം അനുവദിക്കണമെന്നാവശ്യപ്പെട്ട് ഗവർണറുടെ പ്രിൻസിപ്പൽ സെക്രട്ടറി സർക്കാരിന് കത്ത് നൽകിയിരുന്നു.
എന്നാല്‍  ഗവർണറുമായുള്ള ശീത സമരത്തെ തുടർന്ന് സർക്കാർ ഇക്കാര്യത്തിൽ തീരുമാനം എടുത്തിരുന്നില്ല.ഗവർണറും സർക്കാരുമായി ഒത്തുതീർപ്പിലേക്ക് നീങ്ങിയതോടെ ജനുവരി 9 ന് പൊതുഭരണ വകുപ്പിൽ നിന്നും ധനവകുപ്പിലേക്ക് ഫയൽ കൈമാറി.
ധന എക്സ് പെൻഡിച്ചർ വിംഗ് ഗവർണറുടെ ആവശ്യം പരിശോധിച്ച് ഫയൽ ധനമന്ത്രി ബാലഗോപാലിന് കൈമാറിയെങ്കിലും നേരത്തെ ഗവർണർ പരസ്യമായി അപ്രീതി പ്രകടിപ്പിച്ച ധനമന്ത്രി ഫയൽ ഒപ്പിടാതെ മാറ്റിവച്ചു. പിന്നീട് സർക്കാരും ഗവർണറും തമ്മിൽ പൂർണ്ണ ഒത്തുതീർപ്പിലേക്ക് എത്തിയതോടെ മുഖ്യമന്ത്രിയുടെ നിർദ്ദേശാനുസരണം ധനമന്ത്രി തുക അനുവദിക്കുവാൻ തീരുമാനിക്കുകയായിരുന്നു. ബജറ്റ് തയ്യാറാക്കൽ പരിപാടി നടക്കുന്നതിനാൽ പാസാകാതെ ഈ സെക്ഷനിലായിരുന്ന ഫയൽ ബജറ്റ് അവതരിപ്പിച്ചതിനു ശേഷമാണ് ധനമന്ത്രി ഒപ്പിട്ടത്. തുടർന്ന് ഫെബ്രുവരി 7 ന് തുക അനുവദിച്ച ഉത്തരവ് ധന ബജറ്റ് വിംഗിൽ നിന്ന് പുറത്തിറങ്ങി.
4000 കോടിയുടെ അധിക നികുതി ജനങ്ങളിൽ അടിച്ചേൽപിച്ച ജനവിരുദ്ധ
ബജറ്റിനെതിരെ പ്രതിഷേധം അലയടിക്കുമ്പോഴാണ് ഗവർണർക്ക് വിമാനയാത്രയ്ക്കായി സർക്കാർ 30 ലക്ഷം രൂപ അധികമായി അനുവദിച്ചത്.സർക്കാരിന്‍റെ  ധൂർത്തുംധനകാര്യ മാനേജ്മെന്‍റിലെ കെടുകാര്യസ്ഥതയുമാണ് കേരളത്തിലെ ധന പ്രതിസന്ധിക്ക് കാരണമെന്ന് പരക്കെ വിമർശനമുയരുമ്പോഴാണ് അധിക വിമാനയാത്രയ്ക്കായി ഗവർണർക്ക് സർക്കാർ 30 ലക്ഷം കൂടി അനുവദിച്ചത്