റീലും റിയലും: ആനവാല്‍ മോതിരത്തിലെ ഗാവനും ആന്റണി രാജുവിന്റെ ‘ജട്ടി’ കേസും

Jaihind News Bureau
Saturday, January 3, 2026

കേരള രാഷ്ട്രീയത്തിലും നിയമവൃത്തങ്ങളിലും ഇന്നും ചര്‍ച്ച ചെയ്യപ്പെടുന്ന ഒന്നാണ് മുന്‍ മന്ത്രിയും അഭിഭാഷകനുമായിരുന്ന ആന്റണി രാജു ഉള്‍പ്പെട്ട ‘തൊണ്ടിമുതല്‍ കേസ്’ അഥവാ ‘ജട്ടി കേസ്’. ഈ സംഭവം നടന്ന് വെറും ഒരു വര്‍ഷത്തിനുള്ളില്‍ പുറത്തിറങ്ങിയ ‘ആനവാല്‍ മോതിരം’ എന്ന മലയാള സിനിമയില്‍, ഈ കേസിനെ ഓര്‍മ്മിപ്പിക്കുന്ന പല സമാനതകളുമുണ്ടെന്നത് കൗതുകകരമാണ്. ജി.എസ്. വിജയന്‍ സംവിധാനം ചെയ്ത ഈ ചിത്രത്തില്‍ ഗാവിന്‍ പക്കാര്‍ഡ് (Gavin Packard) എന്ന വിദേശിയായ നടന്‍ അഭിനയിച്ച രംഗങ്ങള്‍ യഥാര്‍ത്ഥ സംഭവത്തിന്റെ ചിത്രീകരണമാണെന്ന് നിസ്സംശയം പറയാം.

ശ്രീനിവാസനും സുരേഷ് ഗോപിയും തകര്‍ത്തഭിനയിച്ച സിനിമയാണ് ‘ആനവാല്‍ മോതിരം’. ടി. ദാമോദരനും ഡെന്നിസ് ജോസഫും ചേര്‍ന്നാണ് ഇതിന്റെ തിരക്കഥ രചിച്ചത്. ഈ സിനിമയില്‍ ഗാവിന്‍ പക്കാര്‍ഡ് അവതരിപ്പിക്കുന്ന ഒരു വിദേശിയുടെ റോളുണ്ട്. മയക്കുമരുന്നുമായി തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തുന്ന ഇയാളെ പോലീസ് പിടികൂടുന്നതാണ് രംഗം. പോലീസ് ഇയാളുടെ അടിസവസ്ത്രത്തില്‍ ഒളിപ്പിച്ച മയക്കു മരുന്നു കണ്ടെത്തുന്നതും , അത് പക്ഷേ കോടതിയില്‍ എത്തുമ്പോള്‍ തൊണ്ടി മുതലായ അടിവസ്തം മാറിപ്പോകുന്നതും ഈ ചിത്രത്തില്‍ പ്രധാനപ്പെട്ട സീനായി ഉള്‍പ്പെടുത്തിയിരിക്കുന്നു. ഉന്നതങ്ങളില്‍ നിന്നുള്ള ഇടപെടലുകളും നിയമത്തിലെ പഴുതുകളും ഉപയോഗിച്ച് വിദേശിയായ പ്രതി കേസില്‍ നിന്ന് രക്ഷപ്പെടുകയും ചെയ്യുന്നു.

സിനിമ ഇറങ്ങുന്നതിന് തൊട്ടുമുമ്പ്, തിരുവനന്തപുരം വിമാനത്താവളത്തില്‍ യഥാര്‍ത്ഥ സംഭവം നടക്കുന്നത്. ആന്‍ഡ്രൂ സാല്‍വത്തോര്‍ സെര്‍വറ്റോ എന്ന ഓസ്‌ട്രേലിയന്‍ പൗരന്‍ അടിവസ്ത്രത്തില്‍ ഒളിപ്പിച്ച് 61.5 ഗ്രാം ഹാഷിഷ് കടത്താന്‍ ശ്രമിക്കുകയും ഇയാള്‍പിടിക്കപ്പെടുകയും ചെയ്യുന്നു. എന്നാല്‍ കോടതിയില്‍ വിചാരണ വേളയില്‍ തൊണ്ടിമുതലായ അടിവസ്ത്രം പ്രതിക്ക് പാകമാകുന്നില്ലെന്ന് കണ്ടെത്തി. ഇതോടെ, പ്രതി രക്ഷപ്പെട്ടു. പ്രതിയെ രക്ഷപ്പെടുത്താന്‍ അന്നത്തെ അഭിഭാഷകനായിരുന്ന ആന്റണി രാജു, കോടതിയിലെ ക്ലര്‍ക്കിന്റെ സഹായത്തോടെ തൊണ്ടിമുതലായ അടിവസ്ത്രം വെട്ടിച്ചുരുക്കി തുന്നി ചെറുതാക്കി എന്നാണ് കേസ്.

സിനിമയും ജീവിതവും തമ്മിലുള്ള അത്ഭുതകരമായ സാമ്യതകളാണുള്ളത്. ആന്റണി രാജുവിന്റെ കേസ് നടക്കുന്നത് 1990-ലാണ്. സിനിമ റിലീസ് ചെയ്യുന്നത് 1991-ലും. അന്നത്തെ പത്രവാര്‍ത്തകളില്‍ നിറഞ്ഞുനിന്ന ‘വിദേശിയുടെ മയക്കുമരുന്ന് കേസ്’ തിരക്കഥാകൃത്തുക്കളായ ടി. ദാമോദരനും ഡെന്നിസ് ജോസഫും സിനിമയില്‍ ഉള്‍പ്പെടുത്തിയതാകാന്‍ സാധ്യതയേറെയാണ്. സമകാലിക രാഷ്ട്രീയ സംഭവങ്ങള്‍ സിനിമയില്‍ കൊണ്ടുവരുന്നതില്‍ പ്രഗത്ഭരാണ് ഇവര്‍.

പലരും ‘സീസണ്‍’ എന്ന സിനിമയാണ് ഈ കേസിനാസ്പദമെന്ന് തെറ്റിദ്ധരിക്കാറുണ്ട്. എന്നാല്‍ അതു ശരിയല്ല. സീസണ്‍ 1989-ല്‍ ഇറങ്ങിയ സിനിമയാണ്. കേരളത്തിലെ കുറ്റാന്വേഷണ ചരിത്രത്തിലെ ഏറ്റവും കൗതുകകരമായ ‘ജട്ടി കേസ്’ വെള്ളിത്തിരയിലും ഒരു വിഷയമായി എന്നതാണ് യാഥാര്‍ത്ഥ്യം.