ചെങ്കോട്ട സ്‌ഫോടനക്കേസ്: ബോംബുണ്ടാക്കാന്‍ ഉപയോഗിച്ച ഉപകരണങ്ങള്‍ കണ്ടെടുത്തു; സൂത്രധാരന്മാര്‍ക്ക് വിദേശത്ത് പരിശീലനം ലഭിച്ചിരുന്നതായി വിവരം

Jaihind News Bureau
Friday, November 21, 2025

 

ചെങ്കോട്ട സ്‌ഫോടനക്കേസിലെ മുഖ്യ സൂത്രധാരന്മാര്‍ക്ക് വിദേശത്ത് പരിശീലനം ലഭിച്ചിരുന്നുവെന്ന ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ അന്വേഷണ ഏജന്‍സികള്‍ക്ക് ലഭിച്ചു. അറസ്റ്റിലായ പ്രതികള്‍ ബോംബുണ്ടാക്കാന്‍ ഉപയോഗിച്ച നിര്‍ണ്ണായകമായ ഉപകരണങ്ങളും അന്വേഷണ സംഘം കണ്ടെടുത്തു. വിദേശബന്ധം, സാങ്കേതിക സഹായം, ഭീകരര്‍ക്ക് ലഭിച്ച നിര്‍ദ്ദേശങ്ങള്‍ എന്നിവ സംബന്ധിച്ച നിര്‍ണ്ണായക വിവരങ്ങളാണ് ഇതോടെ പുറത്തുവരുന്നത്.

അറസ്റ്റിലായ മുസമ്മില്‍ തുര്‍ക്കി വഴി അഫ്ഗാനിസ്ഥാനിലേക്ക് പോയിരുന്നുവെന്നാണ് എന്‍ഐഎയുടെ കണ്ടെത്തല്‍. വിദേശത്തുള്ള ഭീകരര്‍ ഇവര്‍ക്ക് എന്‍ക്രിപ്റ്റഡ് മൊബൈല്‍ ആപ്പ് വഴി ബോംബ് നിര്‍മ്മിക്കുന്നതിനെക്കുറിച്ചുള്ള 42 വീഡിയോകളും അയച്ചു കൊടുത്തതായി അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു. ഭീകരസംഘത്തിന് എല്ലാ നിര്‍ദ്ദേശങ്ങളും സഹായങ്ങളും നല്‍കി നിയന്ത്രിച്ച മൂന്ന് പേരുടെ വിവരങ്ങളാണ് ഏജന്‍സികള്‍ക്ക് ലഭിച്ചത്. ഇതില്‍ ഉകാസയെന്നയാളാണ് മുസമ്മിലിനെ തുര്‍ക്കി, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളിലേക്ക് കൊണ്ടുപോയത്. ഈ ഉകാസ ഒരു ഇന്ത്യക്കാരന്‍ തന്നെയാണെന്നും സൂചനയുണ്ട്.

ബോംബ് നിര്‍മ്മാണത്തിനായി ഉപയോഗിച്ച ഗ്രൈന്‍ഡിംഗ് മെഷീന്‍ അടക്കമുള്ള ഉപകരണങ്ങളാണ് നിലവില്‍ അന്വേഷണ സംഘം കണ്ടെടുത്തത്. യൂറിയ അടക്കമുള്ള സ്‌ഫോടക വസ്തുക്കള്‍ പൊടിക്കാന്‍ ഇത് ഉപയോഗിച്ചതായാണ് സൂചന. അറസ്റ്റിലായ മുസമ്മിലിന്റെ സുഹൃത്തായ ടാക്‌സി ഡ്രൈവറുടെ ഫരീദാബാദിലെ വീട്ടില്‍ നിന്നാണ് ഈ ഉപകരണങ്ങള്‍ പിടിച്ചെടുത്തത്. കേസിന്റെ സുപ്രധാനമായ തെളിവാണ് ഇതോടെ അന്വേഷണ സംഘത്തിന് ലഭിച്ചിരിക്കുന്നത്.