DELHI BLAST| ചെങ്കോട്ട സ്‌ഫോടനം: അമോണിയം നൈട്രേറ്റ് കണ്ടെത്തി; എന്‍ഐഎ അന്വേഷണം ഊര്‍ജിതം

Jaihind News Bureau
Wednesday, November 12, 2025

ചെങ്കോട്ടയ്ക്ക് സമീപം നടന്ന സ്‌ഫോടനത്തില്‍ സൈന്യം ഉപയോഗിക്കുന്ന തരം രാസവസ്തുക്കള്‍ പ്രയോഗിച്ചിട്ടുണ്ടോ എന്ന സംശയം ശക്തമാണ്. സ്‌ഫോടന സ്ഥലത്ത് നിന്ന് അമോണിയം നൈട്രേറ്റിന്റെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. എങ്കിലും, മറ്റ് പദാര്‍ത്ഥങ്ങള്‍ ഉപയോഗിച്ചിട്ടുണ്ടോ എന്നതിനെക്കുറിച്ച് വിശദമായ പരിശോധനകള്‍ പൂര്‍ത്തിയാക്കിയ ശേഷമേ ഔദ്യോഗികമായി സ്ഥിരീകരിക്കാന്‍ കഴിയൂ. സ്‌ഫോടനം നടത്തിയ പുല്‍വാമ സ്വദേശി ഡോ. ഉമര്‍ മുഹമ്മദ് സ്‌ഫോടനത്തിന് മുന്‍പുള്ള പതിനൊന്ന് മണിക്കൂര്‍ ഡല്‍ഹിയില്‍ ഉണ്ടായിരുന്നു. ഇയാള്‍ കൊണാട്ട് പ്ലേസ് ഉള്‍പ്പെടെയുള്ള സ്ഥലങ്ങള്‍ സന്ദര്‍ശിച്ചതായി പോലീസ് വൃത്തങ്ങള്‍ പറയുന്നു. ഫരീദാബാദില്‍ നടന്ന അറസ്റ്റുകള്‍ അറിഞ്ഞതോടെ ഉമര്‍ പരിഭ്രാന്തനായി. ഇല്ലായിരുന്നെങ്കില്‍, ഇതിലും വലിയ ആക്രമണം നടത്താന്‍ സാധ്യതയുണ്ടായിരുന്നുവെന്നും പോലീസ് നിരീക്ഷിക്കുന്നു.

ഈ കേസില്‍ എന്‍ഐഎ അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം ഫരീദാബാദ്, സഹാറന്‍പുര്‍ എന്നിവിടങ്ങളില്‍ നിന്ന് അറസ്റ്റിലായ ഡോക്ടര്‍മാരായ ആദില്‍, മുസ്മീല്‍, ഷഹീനാ എന്നിവരെ എന്‍ഐഎ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യും. ആക്രമണത്തിന് പിന്നില്‍ പാക് ഭീകര സംഘടനയായ ജയ്‌ഷെ മുഹമ്മദിന് പങ്കുണ്ടോ എന്ന് സംശയിക്കുന്നുണ്ടെങ്കിലും, ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ല.

പ്രാഥമിക നിഗമനമനുസരിച്ച് ഡോ. ഉമര്‍ മുഹമ്മദ് നടത്തിയത് ചാവേര്‍ ആക്രമണം ആയിരുന്നില്ല. പ്രതിയെ പരിഭ്രാന്തനാക്കിയ റെയ്ഡില്‍ സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തുകയായിരുന്നു. നിര്‍മ്മാണം പൂര്‍ത്തിയാകാത്ത ബോംബ് അസമയത്ത് പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ് ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കാര്‍ ഒരു ലക്ഷ്യത്തിലേക്ക് മനഃപൂര്‍വ്വം ഇടിച്ചു കയറ്റുകയോ കുതിക്കുകയോ ചെയ്യാത്തത് ചാവേര്‍ ആക്രമണത്തിന്റെ രീതിക്ക് വിരുദ്ധമാണെന്ന വിലയിരുത്തലും വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടിലുണ്ട്.